ഉത്തരാഖണ്ഡ് ദേശീയ പാര്‍ക്കില്‍ മഞ്ഞുപുലി; അപൂര്‍വ്വ കാഴ്‍ച്ച

ഉത്തരാഖണ്ഡ് ദേശീയ പാര്‍ക്കില്‍ മഞ്ഞുപുലി; അപൂര്‍വ്വ കാഴ്‍ച്ച

ഹിമാലയത്തില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മഞ്ഞുപുലി (Snow leopard) ഉത്തരാഖണ്ഡിലെ നെലോങ് താഴ്‍വരയില്‍ ക്യാമറയില്‍ പതിഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെലോങ് വാലി ഉത്തരകാശിയിലാണ്. 

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ആണ് വീഡിയോ പുറത്തുവിട്ടത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് ചിത്രീകരിച്ചതെന്നാണ് ട്വിറ്ററില്‍ ഐടിബിപി സ്ഥിരീകരിച്ചത്. വളരെ നിഗൂഢമായി ജീവിക്കുന്ന മഞ്ഞുപുലിയെ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ മേഖലയില്‍ കാണുന്നതെന്നാണ് ഐടിബിപി സ്ഥിരീകരണം. 
ഇത്രയും ഉയരത്തില്‍ മഞ്ഞുപുലി വന്നത് ഹിമാലയത്തിലെ കാലാവസ്ഥയും പ്രകൃതിയും അനുകൂലമായി മാറുകയാണെന്നതിന് തെളിവാണെന്നും ഐടിബിപി വീഡിയോക്ക് ക്യാപ്‍ഷന്‍ ആയി കുറിച്ചു. 

മധ്യേഷ്യയില്‍ ഹിമാലയത്തിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലുമായി ജീവിക്കുന്ന ജീവിയാണ് മഞ്ഞുപുലി. വളരെ അപൂര്‍വ്വമായി മാത്രമാണ് ഇവയെ നേരിട്ട് കാണാന്‍ സാധിക്കൂ. മറ്റു പൂച്ചകളില്‍ നിന്ന് വ്യത്യസ്‍തമായി നീണ്ട വാലും രോമം നിറ‍ഞ്ഞ് കമ്പിളി പോലെയുള്ള ശരീരവും മഞ്ഞുപുലിയുടെ പ്രത്യേകതയാണ്. 

 

 

വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് മഞ്ഞുപുലി. ഇതിനെ വേട്ടയാടുന്നത് അടക്കമുള്ള പ്രവൃത്തികള്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അപൂര്‍വ്വമായി മാത്രം ഹിമാലയന്‍ വന്യതയില്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞുപുലികളുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞ് വരികയാണ്. സന്നദ്ധ സംഘടനകള്‍ മഞ്ഞുപുലിയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. 

ചൈനീസ് വൈദ്യത്തിനായി ഉപയോഗിക്കുന്നതും തോലിനായി വേട്ടക്കാര്‍ ആക്രമിച്ച് കൊല്ലുന്നതും ഹിമാലയത്തിലെ അതിര്‍ത്തി മേഖലകളില്‍ മനുഷ്യരോട് ഏറ്റുമുട്ടുന്നതും കാരണം മഞ്ഞുപുലികള്‍ കൊല്ലപ്പെടുന്നത് പതിവാണ്. സംരക്ഷിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ ഇല്ലാതായേക്കുന്ന ജീവികളില്‍ ഒന്നാണ് മഞ്ഞുപുലി. 

ലോകത്തില്‍ വെറും 450 - 500 മഞ്ഞുപുലികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കണക്ക്. 

കശ്‍മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ‍്, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഞ്ഞുപുലിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 3000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ ജീവിക്കുന്നത്. 

ഹിമാലയത്തിലെ ഒളിവ് ജീവിതവും ആരെയും ശല്യപ്പെടുത്താത്ത ശാന്തതയും കൊണ്ട് മിക്കപ്പോഴും ആത്മീയമായ വര്‍ണ്ണനകള്‍ മഞ്ഞുപുലിക്ക് ലഭിക്കാറുണ്ട്. 1978ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പീറ്റര്‍ മാത്തീസെണ്‍ ഹിമാലയത്തില്‍ മഞ്ഞുപുലിയെ തേടി നടത്തിയ യാത്ര പുസ്‍തകമാക്കിയിരുന്നു.