‘ഞാന്‍ പറയുന്നു മരടിലെ ഫ്‌ലാറ്റ് പൊളിക്കില്ല എന്ന്’; ആരെങ്കിലും ബെറ്റ് വെക്കുന്നോയെന്ന് ഷോണ്‍ ജോര്‍ജ്

‘ഞാന്‍ പറയുന്നു മരടിലെ ഫ്‌ലാറ്റ് പൊളിക്കില്ല എന്ന്’; ആരെങ്കിലും ബെറ്റ് വെക്കുന്നോയെന്ന് ഷോണ്‍ ജോര്‍ജ്

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റ് പൊളിക്കില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. ഇക്കാര്യത്തില്‍ ബെറ്റ് വെക്കാനുണ്ടോയെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ ചോദിക്കുന്നു. ഫ്‌ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്ന പ്രഹസനമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നതാണ്ന്റെ നിലപാടെന്നും ഷോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആരെങ്കിലും ബെറ്റ് വെക്കുന്നോ ?
ഞാൻ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്….
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം….
NB : അർഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിര്മാതാക്കളിൽനിന്നും ഈടാക്കി അവർക്ക് നൽകുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട് .

അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെക്കുറിച്ച് സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിന് വൈകാതെ റിപ്പോര്‍ട്ട് നല്‍കും. ഇതിനെത്തുടര്‍ന്നാകും ഏതൊക്കെ കമ്പനികള്‍ക്ക് കരാര്‍ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ ഫ്‌ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. 9ാം തീയതിക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും എന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും പുനരധിവാസകാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ആരോപിച്ചും ഇതിനിടെ ഫ്‌ലാറ്റ് ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു.