ഷോളയാർ ഡാം തുറക്കാൻ അനുമതി നൽകി; ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിർദേശം

ഷോളയാർ ഡാം തുറക്കാൻ അനുമതി നൽകി; ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിർദേശം

ജലനിരപ്പ് 2661.20 അടിയായതിനെ തുടർന്ന് കേരള ഷോളയാർ ഡാം തുറക്കുന്നതിന് അനുമതി നൽകിക്കൊണ്ട് ജില്ലാ കളക്ടർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2663 അടിക്ക് മുകളിലായാൽ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിനാണ് കളക്ടർ അനുമതി നൽകിയത്. സെക്കന്റിൽ പരമാവധി 100 ഘനമീറ്റർ അധികജലമാണ് ഡാമിൽനിന്ന് തുറന്നുവിടുക. ഡാമുകൾ തുറന്നാൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തമിഴ്നാട് ഷോളയാർ ഡാമിൽനിന്ന് സെക്കൻറിൽ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണ് കേരള ഷോളയാറിൽ ജലനിരപ്പുയർന്നത്. 2663 അടിയാണ് കേരള ഷോളയാറിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം സെപ്റ്റംബർ 19ന് ജലനിരപ്പ് 2663 അടിയാവാനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഡാം തുറന്നുവിടുമ്പോൾ ചാലക്കുടി പുഴയിൽ രണ്ട് അടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പുഴയിൽ ഇറങ്ങുന്നവരും മീൻ പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.