വാഹന വില്‍പ്പനയില്ല; ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

വാഹന വില്‍പ്പനയില്ല; ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

 വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് SIAM ആവശ്യപ്പെടും. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയാണ് SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്).രാജ്യത്തെ വാഹന വിപണി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്നന്നത്.

വിവിധ വാഹന നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാരിന് മുമ്പാകെ SIAM ഈ നിര്‍ദ്ദേശം ബോധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
പാസഞ്ചര്‍ വാഹന വില്‍പ്പനയും വളരെ താഴ്ന്ന നിലയിലാണിപ്പോഴുള്ളത്. 2001 -ന് ശേഷം ഇതാദ്യമായാണ് ഇത്രയേറെ താഴ്ന്ന നിലയില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയെത്തുന്നത്.വിപണിയെ വളര്‍ച്ചയുടെ പാതയിലേക്ക് എത്തിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയേ തീരൂ എന്നാണ് ചില വാഹന നിര്‍മ്മാതാക്കളുടെ വാദം. SIAM പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,47,546 യൂണിറ്റ് വില്‍പ്പനയാണ് പോയ മാസം പാസഞ്ചര്‍ കാര്‍ ശ്രേണി രേഖപ്പെടുത്തിയത്.

2018 മെയ് മാസത്തിലിത് 1,99,479 യൂണിറ്റായിരുന്നു. അതായത്, 26.03 ശതമാനത്തിന്റെ ഇടിവാണ് ഇക്കുറി രാജ്യത്തെ പാസഞ്ചര്‍ കാര്‍ ശ്രേണി നേരിട്ടത്. വാഹനങ്ങളുടെ ഡിമാന്‍ഡില്‍ വന്ന കുറവും ഉത്പാദനച്ചിലവ് കൂടിയതുമാണ് വിപണിയ്ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.മെയ് മാസത്തെ കണക്കുകള്‍ പ്രകാരം യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ 5.64 ശതമാനത്തിന്റെ കുറവും വന്നിരിക്കുന്നത്. 77,453 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് പോയ മാസം നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്.

14,348 യൂണിറ്റ് വിറ്റഴിച്ച വാന്‍ ശ്രേണി 27.07 ശതമാനം ഇടിവ് നേരിട്ടു. രാജ്യത്തെ ആകെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 20.55 ശതമാനം ഇടിവാണ് വന്നിരിക്കുന്നത്.2018 മെയ് മാസത്തെ 3,01,238 യൂണിറ്റ് വില്‍പ്പനയില്‍ നിന്നും ഇത്തവണ 2,39,347 യൂണിറ്റായി കുറഞ്ഞതാണ് ഇതിന് കാരണം. ഇതിന് പുറമെ പുതിയ സുരക്ഷ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വരാനിരിക്കുന്നതും ആശങ്കയോടെയാണ് വാഹന നിര്‍മ്മാതാക്കള്‍ കാണുന്നത്.

പുതിയ സുരക്ഷ ചട്ടങ്ങളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന പോലെ വാഹനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുകയാണെങ്കില്‍ ഇതിന് ആനുപാതികമായി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരും. ഇത് വാഹന വിപണിയില്‍ കൂടുതല്‍ പ്രതിസന്ധിയ്ക്ക് വഴിവയ്ക്കുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.