സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് ഇന്ന് കളത്തിലിറങ്ങും

സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് ഇന്ന് കളത്തിലിറങ്ങും

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ഇനി ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും. ശേഷം ഞായറാഴ്ച ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നിലവില്‍ പ്രത്യേകിച്ച് അസ്വാരസ്യങ്ങള്‍ ഒന്നുമില്ലാതെയാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വിരാമമായത്.

അതേസമയം മുന്നണിയിലെ ചില കക്ഷികള്‍ സീറ്റിന് അവകാശം ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും തര്‍ക്കത്തിനോ പിടിവാശിക്കോ വഴിവച്ചില്ല. ഇതോടെ കേരളത്തിന് കാണാന്‍ കഴിഞ്ഞത് മുന്നണിയിലെ ഐക്യമാണ്. ഇപ്പോള്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളും നിശ്ചയിച്ചുകഴിഞ്ഞു എല്‍ഡിഎഫ്.

അതേസമയം, അധിക സീറ്റിന് വേണ്ടി കക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും കക്ഷികള്‍ക്കുള്ളിലെ പോരുംമൂലം കലങ്ങിമറിഞ്ഞ സ്ഥിതിയിലാണ് യുഡിഎഫ്. കഴിഞ്ഞ ദിവസവും മൂന്ന് സീറ്റിനുവേണ്ടി കടുത്ത പിടിവാശിയില്‍ നില്‍ക്കുന്ന മുസ്ലിംലീഗുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തി.

കേരള കോണ്‍ഗ്രസിന്റെ രണ്ട് സീറ്റ് ആവശ്യം നിരസിച്ച കോണ്‍ഗ്രസ് ഇനി ചര്‍ച്ചയില്ലെന്നും വ്യക്തമാക്കി. ഇതോടെ ഭാവിനടപടി തീരുമാനിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി കേരള കോണ്‍ഗ്രസ്. തര്‍ക്കം ഈ നിലയില്‍ തുടര്‍ന്നാല്‍ വലിയ പൊട്ടിത്തെറിയാകും ഉണ്ടാകുക. തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ല.

ബിജെപിയിലും സീറ്റ് വിഭജന തര്‍ക്കവും ചര്‍ച്ചകളും നടന്ന് വരികയാണ്. മിസോറം ഗവര്‍ണര്‍ പദവി രാജിവെച്ച കുമ്മനത്തിന്റൈ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചാല്‍ മറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി പറയുന്നു. കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ ആര്‍എസ്എസ് വരുതിയിലാക്കിയെന്ന് ബിജെപിയില്‍ സംസാരമുണ്ട്.