തീരദേശ സംരക്ഷണത്തിന് ‘സീ വിജില്‍’

തീരദേശ സംരക്ഷണത്തിന് ‘സീ വിജില്‍’

ഇന്ത്യയുടെ തീരദേശത്തെ സുരക്ഷാപരിശോധന ‘സീ വിജില്‍’ ആരംഭിച്ചു. നാവികസേനയും തീരസംരക്ഷണസേനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സുരക്ഷാ പരിശോധനയാണിതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു.

തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് സീ വിജില്‍ നടത്തുന്നത്.
പതിമൂന്നു തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പരിപാടി. 25 കപ്പലുകളും വിമാനങ്ങളും 75 പട്രോള്‍ ബോട്ടുകളുമാണ് സീ വിജിലിന്റെ ഭാഗമായി കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പങ്കെടുക്കുന്നത്. തീരത്തുനിന്ന് അഞ്ച് മൈല്‍ ദൂരംവരെയുള്ള പ്രദേശത്താണ് പൊലീസിന്റെ ബോട്ടുകള്‍ പങ്കെടുക്കുന്നത്. നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകള്‍ ആഴക്കടലിലാണ്. പൈലറ്റില്ലാ വിമാനവും സീ വിജിലിലുണ്ട്.

പരിപാടിയുടെ ഭാഗമായി തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഫിഷിങ് ഹാര്‍ബറുകള്‍, ലാന്‍ഡിങ് സെന്ററുകള്‍, പോര്‍ട്ട് കണ്‍ട്രോള്‍ റൂമുകള്‍, നാവികസേനയുടെയും തീരസേനയുടെയും കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ സദാ ശ്രദ്ധപുലര്‍ത്തുന്നു. തീരദേശത്തെ പല കേന്ദ്രങ്ങളിലും മോക്ഡ്രില്‍ നടത്തും. ദക്ഷിണ നാവിക കമാന്‍ഡിലെ തീരസുരക്ഷാ വിഭാഗമാണ് കേരളത്തിലെ പരിശോധനകള്‍ ഏകോപിപ്പിക്കുന്നത്.