നാളെ ഹര്‍ത്താല്‍

നാളെ ഹര്‍ത്താല്‍

ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നാളെ ഹര്‍ത്താല്‍. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. അതേസമയം സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്ക് വേണ്ടി അടച്ച നട പൂജകള്‍ക്ക് ശേഷം തുറന്നു. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്.

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധം പുകയുന്നു. മിക്കയിടങ്ങളിലും റോഡ് ഉപരോധവും കടകൾ അടപ്പിക്കുകയും ചെയ്തു.

നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. തൃശൂർ വടക്കാഞ്ചേരിയിലും അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. പ്രദേശത്തെ കടകളെല്ലാം പ്രവർത്തകർ അടപ്പിക്കുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കർമസമിതിയുടെ പ്രതിഷേധമുണ്ട്.

ആലപ്പുഴ മാവേലിക്കരയിലും ബിജെപി പ്രവർത്തകർ കടകൾ അടപ്പിക്കുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു.