എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി : കേന്ദ്രസർക്കാർ തീരുമാനം പുറത്ത്

എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി : കേന്ദ്രസർക്കാർ തീരുമാനം പുറത്ത്

എസ്‍പി യതീഷ് ചന്ദ്രക്കെതിരായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി സംബന്ധിച്ച തീരുമാനം പുറത്ത്. ശബരിമലയില്‍ മുൻ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ പരാതിയിന്മേലുള്ള  നടപടി അവസാനിപ്പിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണ് പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി കേന്ദ്രത്തിന് ലഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരാതി അവസാനിപ്പിച്ചതായാണ് ചോദ്യത്തിന് രേഖാമൂലം മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂല വിധി സുപ്രീം കോടതി പുറപ്പെടുവിച്ചതോടെ ബി.ജെ.പി നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സമരക്കാരെ നേരിടുന്നതിനായി പമ്പയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ശബരിമലയിൽ ദർശനം നടത്തുവാനെത്തിയ മുൻ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് സുരക്ഷ ചുമതലയുള്ള യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് കാരണം.  യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ബി.ജെ.പി പരാതി നൽകുകയും, സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.