ആ പഴയ റോള്‍സ് റോയ്സ് വിറ്റ് താരം... ഇനി പുതിയത് ?

ആ പഴയ റോള്‍സ് റോയ്സ് വിറ്റ് താരം... ഇനി പുതിയത് ?

എന്നും കാര്‍പ്രേമികളാല്‍ സമ്പന്നമാണ് ബോളിവുഡ്. . പല ബോളിവുഡ് താരങ്ങളും ഇതിനോടകം തന്നെ ലോകത്തിലെ മികച്ച കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ സിനിമയുടെ ആവേശമായ അമിതാഭ് ബച്ചന്‍, ഒരുപിടി മികച്ച കാറുകളുടെ ശേഖരമുള്ള ചുരുക്കം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളാണ്.

തന്റെ ഗരാജിലെ ഒരു കാര്‍ 'ബിഗ് ബി' ഇപ്പോള്‍ വിറ്റിരിക്കുകയാണ്.ഈ വില്പനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബച്ചന്റെ ശേഖരത്തിലെ മികച്ച കാറുകളിലൊന്നായ സാക്ഷാല്‍ റോള്‍സ് റോയ്‌സ് ഫാന്റം ആണ് വിറ്റത്.

ബെംഗളൂരുവിലെ ഉമ്ര ഡെവലപ്പേഴസ് ആണ് ഈ ആഢംബര സെഡാനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ബച്ചന്റെ റോള്‍സ് റോയ്‌സ് ഫാന്റം, പുതിയ വസതിയില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ സ്വന്തമായിരുന്ന ഈ റോള്‍സ് റോയ്‌സ് ഫാന്റം. ഏകലവ്യ എന്ന സിനിമയുടെ വിജയിച്ചതിന്റെ ഭാഗമായി സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് കാര്‍ സമ്മാനിച്ചത്.

സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിതാഭിന് 2007 -ലാണ് സംവിധായകന്‍ കാര്‍ സമ്മാനിക്കുന്നത്. അന്ന് 3.5 കോടി രൂപയായിരുന്നു റോള്‍സ് റോയ്‌സ് ഫാന്റത്തിന് വില. ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ഫാന്റത്തിന്റെ തൊട്ട് മുന്‍തലമുറയിലെ കാറാണ് ബിഗ് ബിയുടെ പക്കലുണ്ടായിരുന്ന ഈ കാര്‍.

എന്നിരുന്നാലും ആഢംബരത്തില്‍ ഒട്ടും കുറവ് കാണിക്കുന്നില്ല ഈ മുന്‍തലമുറ റോള്‍സ് റോയ്‌സ് ഫാന്റം. 6.75 ലിറ്റര്‍ ശേഷിയുള്ള V12 പെട്രോള്‍ എഞ്ചിനാണ് കാറിലുള്ളത്. ഇത് 460 bhp കരുത്തും 720 Nm torque ഉം പരമാവധി കുറിക്കും. ലോകോത്തര ഫീറുകള്‍ ഒരുക്കിയിരിക്കുന്ന കാര്‍ കൂടിയാണ് റോള്‍സ് റോയ്‌സ് ഫാന്റം.

പിന്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ എന്റര്‍ടെയിന്‍മെന്റ് സംവിധാനം, വിവിധ വര്‍ണങ്ങളാല്‍ അലങ്കരിച്ച മേല്‍ക്കൂര എന്നിവ റോള്‍സ് റോയ്‌സ് ഫാന്റത്തിലെ സവിശേഷതകളാണ്. പുറമെ നിന്നുള്ള ശബ്ദങ്ങളും മറ്റും കേള്‍ക്കാത്ത രീതിയിലുള്ള ക്യാബിനാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിലുള്ളത്.

മോഡലിന്റെ എട്ടാം തലമുറ കാര്‍ റോള്‍സ് റോയ്‌സ് വിപണിയിലെത്തിച്ച ഈ വേളയില്‍ വൈകാതെ തന്നെ ബിഗ് ബി പുത്തന്‍ ഫാന്റം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.റോള്‍സ് റോയ്‌സ് കൂടാതെ വേറെയും ലോകോത്തര കാറുകള്‍ ബച്ചന്റെ ഗരാജിലുണ്ട്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC200, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ഔഡി A8L, മെര്‍സിഡീസ് മെയ്ബാക്ക് S500, മെര്‍സിഡീസ് ബെന്‍സ് S350, പോര്‍ഷെ കെയ്മാന്‍, ടൊയോട്ട കാമ്രി, മിനി കൂപ്പര്‍ എന്നിവയാണ് ബച്ചന്റെ ഗരാജിലുള്ള സൂപ്പര്‍സ്റ്റാറുകള്‍.അടുത്തിടെ ലെക്‌സസ് LX 570 എസ്‌യുവിയും അമിതാഭ് ബച്ചന്‍ സ്വന്തമാക്കിയിരുന്നു. അക്രമണോത്സുക ഭാവത്തോടെയുള്ള ലെക്‌സസ് എസ്‌യുവിയ്ക്ക് 2.32 കോടി രൂപയാണ് വിപണിയില്‍ വില.