ഏകദിനത്തില്‍ 8000 റണ്‍സ് തികച്ച് രോഹിത് ശര്‍മ്മ

ഏകദിനത്തില്‍ 8000 റണ്‍സ് തികച്ച് രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ 8000 റണ്‍സ് തികച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സ് നേടിയതോടെയാണ് മുംബൈ ബാറ്റ്‌സ്മാന്‍ 8000 റണ്‍സ് ക്ലബ്ബില്‍ എത്തിയത്. 

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ഈ റെക്കോഡ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കൊപ്പം പങ്കിടുകയാണ് രോഹിത് ശര്‍മ്മ. ഏകദിന കരിയറിലെ 200-ാം ഇന്നിങ്‌സിലാണ് രോഹിത് 8000 റണ്‍സ് തികയ്ക്കുന്നത്. ഈ നേട്ടം ആവര്‍ത്തിക്കുന്ന് ഒമ്പതാമത് ഇന്ത്യന്‍ താരമാണ് ഹിറ്റ്മാന്‍. 

ഏറ്റവും വേഗതയില്‍ 8000 റണ്‍സുകള്‍ എന്ന റെക്കോഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കാണ് സ്വന്തം. 175 ഏകദിന ഇന്നിങ്‌സുകളിലാണ് കോഹ്‌ലി 8000 റണ്‍സ് സ്വന്തമാക്കുന്നത്. 182 ഇന്നിങ്‌സുകള്‍ കളിച്ച ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്‌സ് ആണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്.

വിരാട് കോഹ്ലി, എം.എസ്. ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരാണ് മുന്‍പ് ഇതേ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍.