വിൻഡീസ് പര്യടനത്തിൽ ധോണി ഉണ്ടാവില്ല ?

വിൻഡീസ് പര്യടനത്തിൽ ധോണി ഉണ്ടാവില്ല ?

ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ എംഎസ് ധോണിയുടെ ഭാവി എന്താവുമെന്ന കാര്യത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ 19ാം തീയ്യതി പ്രഖ്യാപിക്കും. 15 അംഗ ടീമിൽ ധോണിയെ പരിഗണിച്ചേക്കാമെങ്കിലും ടീമിൻെറ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആയി താരം ഉണ്ടാവില്ലെന്നാണ് സൂചന. 

വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾക്ക് വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. രോഹിത് ശർമയായിരിക്കും ടീമിൻെറ നായകൻ. എന്നാൽ യുവതാരങ്ങൾക്ക് പിന്തുണ നൽകാൻ ധോണിയെ ഉടൻ വിരമിക്കാൻ അനുവദിക്കില്ലെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

"ധോണി വെസ്റ്റ് ഇൻഡീസിലേക്ക് പോയേക്കില്ല. ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി വിദേശപര്യടനങ്ങളിൽ ഇനി ധോണി ഉണ്ടാവില്ല. ഋഷഭ് പന്തായിരിക്കും ഇനി ടീമിൻെറ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പന്ത് സാഹചര്യങ്ങളോട് പൊരുത്തപ്പെടും വരെ ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകും. 11അംഗ ടീമിൻെറ ഭാഗമല്ലെങ്കിലും 15 അംഗ ടീമിൽ അദ്ദേഹത്തെ പരിഗണിച്ചേക്കാം. പൂർണമായും ധോണിയെ അവഗണിക്കുന്നത് ശരിയായ കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. ടീമിന് ഇനിയും അദ്ദേഹത്തിൻെറ സേവനം ആവശ്യമാണ്," ടീമിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.