പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ് മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ് മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി

പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റുകളിലും കയ്യിട്ട് വാരല്‍. വയനാട് മണ്ഡലത്തിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റുകളാണ് കൊടിയത്തൂര്‍ മണ്ഡലം പ്രസിഡന്റ് സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. . സംഭവം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായതോടെ വിതരണം നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഡി.സി.സി. ഓഫീസില്‍ നിന്ന് 350 ഓളം കിറ്റുകള്‍ കൊടിയത്തൂരില്‍ എത്തിയത്. അരി, ചെറുപയര്‍, ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ഒരു പുതപ്പുമടങ്ങുന്നതാണ് കിറ്റ്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

350 കിറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പ്രളയം ബാധിക്കാത്ത എരഞ്ഞിമാവിലെ സ്വന്തക്കാര്‍ക്ക് കിറ്റ് വിതരണം ചെയ്തതെന്നാണ് ആക്ഷേപം. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ കിറ്റുകള്‍ വിതരണം ചെയ്തതിനെതിരേ മറ്റു ഘടകകക്ഷികളും രംഗത്തെത്തി. സംഭവം വിവാദമായതോടെ കിറ്റുകള്‍ യു.ഡി.എഫ്. നേതൃത്വത്തെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഏറ്റെടുത്തിട്ടില്ലെന്നാണ് സൂചന.