അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

 ജൂലൈ 18, 19. 20 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 വ്യാഴാഴ്ച ഇടുക്കി മലപ്പുറം ജില്ലകളിലും ജൂലൈ 19 വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഇരുപതിന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഈ ജില്ലകളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. 

കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ആവശ്യമായ ക്യാംപുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

ജൂലൈ 17 ബുധനാഴ്ച ഇടുക്കിയിലും ജൂലൈ 18 വ്യാഴാഴ്ച കോട്ടയത്തും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഇരുപതിന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോള്‍ റൂമുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വില പിടിപ്പുള്ളതും പ്രധാനപ്പെട്ടതുമായ രേഖകള്‍ ഉള്‍പ്പെടുന്ന എമര്‍ജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും മാറി താമസിക്കേണ്ടി വരുന്ന പക്ഷം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റാൻ തയ്യാറാകണമെന്നും ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇതു കൂടാതെ അവശ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടുത്തി കിറ്റ് തയ്യാറാക്കി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്. 

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വിനോദയാത്രകള്‍ ഒഴിവാക്കണം. രാത്രിസമയത്ത് മലയോരമേഖലകളിലേയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതുണ്ട്.