ആര്‍ സി 125 ഉടന്‍ വിപണിയിലെത്തും...

ആര്‍ സി 125 ഉടന്‍ വിപണിയിലെത്തും...

കഴിഞ്ഞവര്‍ഷം നവംബറിലാണ് 125 ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചത്. ബേബി ഡ്യൂക്കെന്ന ഓമനപ്പേരില്‍ 125 ഡ്യൂക്ക് വിപണിയില്‍ എത്തേണ്ട താമസം ആരാധകര്‍ രണ്ടും കൈയ്യും നീട്ടി  സ്വീകരിച്ചു. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വാങ്ങാന്‍ ആളുകളുണ്ടെന്ന് തിരിച്ചറിഞ്ഞ കെടിഎം ഇപ്പോള്‍ RC125 -നെക്കൂടി നിരയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്.

125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് RC125. പറഞ്ഞുവരുമ്പോള്‍ യമഹ R15 V3 -യുടെ വിപണിയില്‍ കൈകടത്താന്‍ RC125 ലക്ഷ്യമിടുന്നു. ഇനിയേറെ കാത്തിരിപ്പില്ല ബൈക്കിനായി. RC125 -ന്റെ വരവറിയിച്ച് ആദ്യ ടീസര്‍ കെടിഎം പുറത്തുവിട്ടിരിക്കുകയാണ്. പുതിയ ബൈക്കിന്റെ ആകാരവടിവ് ടീസറില്‍ കാണാം.


ഈ മാസാവസാനം RC125 വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. കൂടുതല്‍ ട്രാക്ക് കേന്ദ്രീകൃതമായ, 125 ഡ്യൂക്കിനെക്കാളും സ്‌പോര്‍ടിയായ ബൈക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരെ കെടിഎം RC125 തൃപ്തിപ്പെടുത്തും. ഇക്കുറി കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന പുത്തന്‍ നിറഭേദം RC125 -ലുണ്ടെന്ന് സൂചനയുണ്ട്.

എഞ്ചിനും ഷാസിയുമടക്കം ഘടകങ്ങളില്‍ ഏറിയപങ്കും 125 ഡ്യൂക്കില്‍ നിന്നാണ് RC125 കടമെടുക്കുന്നത്. ഇതേസമയം, 125 ഡ്യൂക്കിനെ അപേക്ഷിച്ച് ഹാന്‍ഡില്‍ബാറും ഫൂട്ട് പെഗുകളും RC125 -ല്‍ വ്യത്യസ്തമായിരിക്കും. RC നിരയിലെ മറ്റു ബൈക്കുകള്‍ പോലെ മുന്നോട്ടാഞ്ഞ ഇരുത്തമാകും RC125 ഓടിക്കുന്നയാള്‍ക്ക് സമര്‍പ്പിക്കുക.

125 ഡ്യൂക്കിലുള്ള 125 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍തന്നെയാണ് RC 125 -ലും. ലിക്വിഡ് കൂളിങ് ശേഷിയുള്ള എഞ്ചിന്‍ 14.3 bhp കരുത്തും 12 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് ഡ്യൂക്ക് 125 -ലെ ഗിയര്‍ബോക്‌സ്. RC125 -ലും ഇതു തുടരും. പൂര്‍ണ്ണ ഫെയറിങ് ഒരുങ്ങുന്നതുകൊണ്ട് 125 ഡ്യൂക്കിനെക്കാള്‍ എയറോഡൈനാമിക് മികവ് RC125 -ന് പ്രതീക്ഷിക്കാം.

ഇതേസമയം, എഞ്ചിന്‍ കരുത്തില്‍ യമഹ R15 -ന് പിന്നിലാകും കെടിഎം RC125. 155 സിസി എഞ്ചിനാണ് R15 -ല്‍ തുടിക്കുന്നത്. എന്തായാലും 125 ഡ്യൂക്കിനെപോലെ ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകളും ഒറ്റ ചാനല്‍ എബിഎസും RC125 -നും ലഭിക്കും. പ്രീമിയം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കിന്റെ പകിട്ടു വര്‍ധിപ്പിക്കാന്‍ ധാരാളം.

പിറകില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുക. പൂനെയിലെ ചകാന്‍ ശാലയില്‍ നിന്നാണ് RC125 പുറത്തിറങ്ങുന്നത്. വിദേശ വിപണികളില്‍ ഇന്ത്യന്‍ നിര്‍മ്മിത RC125 ആണ് വില്‍പ്പനയിലുള്ളതും. നിലവില്‍ 1.30 ലക്ഷം രൂപയാണ് 125 ഡ്യൂക്കിന്. പുതിയ RC125 ഉം ഇതേ വിലനിലവാരമായിരിക്കും പുലര്‍ത്തുക.