ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും: രാജ്നാഥ് സിങ്

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും: രാജ്നാഥ് സിങ്

ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം.

നമ്മുടെ രാജ്യത്തെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും ഗുജറാത്തിലെ കച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചു.രാജ്യദ്യോഹ നിയമം മയപ്പെടുത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് രാജ്യത്തെ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.
കാശ്മീരിലെ എല്ലാ പ്രശ്നങ്ങളുടെ മൂല കാരണം ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന് പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നെങ്കില്‍ അക്കാലത്ത് തന്നെ പരിഹാരമുണ്ടായേനെയെന്നും രാജ്നാഥ് സിങ് പറഞ്ഞു.