നരേന്ദ്രമോദിയുടെ നാട്ടിൽ ഇന്ന് പ്രിയങ്കയുടെ പ്രചാരണം

നരേന്ദ്രമോദിയുടെ നാട്ടിൽ ഇന്ന് പ്രിയങ്കയുടെ പ്രചാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിക്കുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ‌ന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് അതേ നാണയത്തില്‍ അഹമ്മദാബാദില്‍ മറുപടിയാണു പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.അതെ സമയം കോൺഗ്രസിന് അത്ര നല്ല സമയമല്ല ഗുജറാത്തിൽ ഉള്ളത്.ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ജാംനഗര്‍ റൂറല്‍ എംഎല്‍എ വല്ലഭ് ധാരാവിയയാണു രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നത്. പിന്നാക്ക വിഭാഗമായ സത്ത്വാര സമുദായത്തിലെ നേതാവാണു ധാരാവിയ. പ്രവത്തകസമിതിചേരുന്ന ഗുജറാത്തില്‍ സ്വന്തം എംഎല്‍എമാര്‍ കൊഴിഞ്ഞുപോകുന്ന സമ്മര്‍ദത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്ന് എംഎല്‍എമാരാണ് രാജിവച്ചത്. ഇതോടെ, സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട എംഎല്‍എമാരുടെ എണ്ണം അഞ്ചായി. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി ഇന്ന് ഗുജറാത്തിലെത്തുന്നത്.