പ്രധാനമന്ത്രിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരണം; 25 സുപ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കും

പ്രധാനമന്ത്രിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരണം; 25 സുപ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഇരുപതാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാമത്തെ യോഗത്തിലും പങ്കെടുക്കുന്നതിനായിട്ടാണ് പ്രധാനമന്ത്രി മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്. വ്‌ളാഡിവോസ്‌റ്റോക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി ഇഗോര്‍ മോര്‍ഗുലോവിന്റെ സാന്നിധ്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിരുന്നു സ്വീകരണം.

റഷ്യയിലെ ഇന്ത്യന്‍ പ്രവാസികളാണ് വ്‌ളാഡിവോസ്‌റ്റോക്കിലെ ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ‘റഷ്യയുടെ കിഴക്കന്‍ നഗരമായ വ്‌ളാഡിവോ സ്‌റ്റോക്കില്‍ വന്നിറങ്ങി. ഹ്രസ്വമായ സന്ദര്‍ശനമെങ്കിലും സുപ്രധാന യോഗങ്ങളിലും വിവിധ പരിപാടികളിലും പങ്കെടുക്കും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

36 മണിക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി കൂടിച്ചാഴ്ച നടത്തും. പരസ്പര താല്പര്യമുള്ള ഉഭയകക്ഷി. പ്രാദേശികം, നിക്ഷേപം, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, വ്യവസായിക സഹകരണം, ഊര്‍ജ്ജം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 25ഓളം സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പു വയ്ക്കും. ഇന്ത്യ- പാക് പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ഇന്ന് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി നാളെ ഈസ്‌റ്റേണ്‍ ഇക്കണോമിക്‌സ് ഫോറത്തിലും പങ്കെടുക്കും. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള സ്റ്റാമ്പും മോദി പ്രകാശനം ചെയ്യും.