ഇരുപതില്‍ നിന്ന് ഇരുപത്തിയൊന്നിലേക്ക് നടന്ന് മക്കള്‍; ചിത്രം 25ന് തിയേറ്റുകളിലേക്ക്‌

ഇരുപതില്‍ നിന്ന് ഇരുപത്തിയൊന്നിലേക്ക് നടന്ന് മക്കള്‍; ചിത്രം 25ന് തിയേറ്റുകളിലേക്ക്‌

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹന്‍ലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. അതില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം 'ഇരുപതാം നൂറ്റാണ്ട്'തന്നെ. ചിത്രത്തില്‍ നായകനായി എത്തിയ മോഹന്‍ലാലിന്റെ വില്ലനായാണ് സുരേഷ് ഗോപി വേഷമിട്ടത്.

ആ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വെള്ളിത്തിരയില്‍. പക്ഷെ ഇരുപതാം നൂറ്റാണ്ടില്‍ തിളങ്ങിയത് മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നെങ്കില്‍ ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തിളങ്ങുന്നത് ഇരുവരുടെയും മക്കളാണെന്ന് മാത്രം. പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷും ഒന്നിക്കുന്നത്.ഒരു സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്.

ആദി' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് 'ഇരുപത്തൊന്നാം നൂറ്റാണ്ട്'. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുണ്‍ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

പേര് പോലെത്തന്നെ ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തില്‍ പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. അരുണ്‍ ഗോപി സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.പഴയ ഹിറ്റിന്റെ പുതിയ ചേരുവകളുമായി മക്കള്‍ എത്തുമ്പോള്‍ വാനോളം പ്രതീക്ഷയുമായാണ് ആരാധകര്‍ കാത്തിരിക്കുന്നത്...