അമല പോൾ നായികയാകുന്ന ആടൈയ്ക്കെതിരെ പരാതി നൽകി രാഷ്‌ട്രീയ പ്രവർത്തക

അമല പോൾ നായികയാകുന്ന ആടൈയ്ക്കെതിരെ പരാതി നൽകി രാഷ്‌ട്രീയ പ്രവർത്തക

അമല പോൾ നായികയാകുന്ന തമിഴ് ചിത്രം ആടൈ നാളെ തിയെറ്ററുകളിലെത്തുകയാണ്. അതിനിടെ ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. സിനിമയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നുമാണ് പ്രിയയുടെ ആരോപണം.

അമലയ്ക്കും ചിത്രത്തിനുമെതിരെ പ്രിയ ഡിജിപിക്ക് പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ചിത്രം പ്രചാരണം ചെയ്യരുതെന്ന് പ്രിയ പരാതിയിൽ ആവശ്യപ്പെട്ടു. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അമലയുടെ ആ നഗ്നരംഗം ചിത്രത്തിൽ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു.

 

കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്. അമല പോളിന്‍റെ ലക്ഷ്യം പണം മാത്രമാണെന്നും അന്യസംസ്ഥാനത്തുനിന്നും വരുന്ന നടിക്ക് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും പ്രിയ പറയുന്നു. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും പ്രിയ ആരോപിച്ചു. എത്ര നല്ല കഥയാണെന്നു പറഞ്ഞാലും ഇത്തരം സിനിമകൾ നാടിന് ആവശ്യമില്ല.

നഗ്നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യേണ്ട. തന്‍റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറഞ്ഞതിനെയും പ്രിയ വിമർശിച്ചു. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി.

പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പ്രിയ ചോദിച്ചു. ചിത്രത്തിന്‍റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ടീസറിനും വൻസ്വീകാര്യതയാണ് ലഭിച്ചത്. രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രമായാണ് അമലയെത്തുന്നത്.