ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: അംഗീകരിക്കില്ലെന്നും എതിര്‍ക്കുമെന്നും പാകിസ്ഥാന്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: അംഗീകരിക്കില്ലെന്നും എതിര്‍ക്കുമെന്നും പാകിസ്ഥാന്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.

ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീര്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട തര്‍ക്ക പ്രദേശമാണെന്നും  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യുഎന്‍എസ്സി) പ്രമേയമനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഒരു നടപടിക്കും തര്‍ക്കസ്ഥിതി മാറ്റാന്‍ കഴിയില്ലെന്നും പാകിസ്ഥാന്‍ വിദേശ കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കശ്മീരിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് ഇത് ഒരിക്കലും സ്വീകാര്യമാകില്ലെന്നും  അന്താരാഷ്ട്ര തര്‍ക്കത്തിന്റെ കക്ഷിയെന്ന നിലയില്‍ നിയമവിരുദ്ധ നടപടികളെ നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കുമെന്നും  പാകിസ്ഥാന്‍ അറിയിച്ചു.കശ്മീരിനോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറഞ്ഞായിരുന്നു  പാകിസ്ഥാന്റെ പ്രസ്താവന. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചതിനു തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.