നിയന്ത്രണരേഖയില്‍ പാക് യുദ്ധ വിമാനങ്ങൾ; ജാഗ്രതയോടെ ഇന്ത്യ

നിയന്ത്രണരേഖയില്‍ പാക് യുദ്ധ വിമാനങ്ങൾ; ജാഗ്രതയോടെ ഇന്ത്യ

ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് പാക് യുദ്ധ വിമാനങ്ങള്‍ ക്യാമ്പ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സൈന്യവും അതിര്‍ത്തിയിലെ റഡാര്‍ സംവിധാനങ്ങളും കനത്ത ജാഗ്രതയിലാണ്. 

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ മുന്‍ സൈനികനെ വീടിന് സമീപം ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാക് വിമാനങ്ങള്‍ എത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം തുടരുന്നു. ഭീകരരുടെ ഒരു സംഘം അപ്രതീക്ഷിത ആക്രമണത്തില്‍ മുന്‍ ഇന്ത്യന്‍ സൈനികനെ വധിച്ചു. സൈനികിന്റെ വീടിനടുത്ത് വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 14 ന് പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 44 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 

ഒരു സംഘം ഭീകരര്‍ എത്തി ആഷിഖ് അഹമ്മദ് എന്ന സൈനികനെയാണ് വധിച്ചത്. ആഷിഖിന്റെ വീടിനടുത്ത് വെച്ച് അപ്രതീക്ഷിതമായിട്ടാണ് ആക്രമണം ഉണ്ടായത്. 25 കാരനായ ആഷിഖ് അഹമ്മദ് തല്‍ക്ഷണം മരിച്ചു. കരസേനയും ജമ്മു കശ്മീര്‍ പോലീസും പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഭീകരര്‍ അപ്രതീക്ഷതമായി എത്തി ആഷിഖ് നിന്നിരുന്ന സ്ഥലത്തേക്ക് പെട്ടന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.