ഗ്രീൻബുക്ക് മികച്ച ചിത്രം,മാലെക്കും കോൾമാനും മികച്ച അഭിനേതാക്കള്‍...

ഗ്രീൻബുക്ക് മികച്ച ചിത്രം,മാലെക്കും കോൾമാനും മികച്ച അഭിനേതാക്കള്‍...

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡുകളിലൊന്നായ ഓസ്കാർ പുരസ്കാരങ്ങള്‍ പ്രഖ്യപിച്ചു.ലോസ്ഏഞ്ചൽസിലെ ഡോൽബി തിയേറ്ററിലാണ് 2019 ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നത്. നാല് ഓസ്കാർ പുരസ്കാരങ്ങൾ ഓഫ് സ്ക്രീനിൽ നൽകാം എന്ന അക്കാദമിയുടെ തീരുമാനമായിരുന്നു ഏറ്റവും ഒടുവിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 

പുരസ്കാരനിറവ് !

ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്‌കര്‍. ഇതടക്കം മൂന്ന് ഓസ്‌കര്‍ പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഈ ചിത്രം കരസ്ഥമാക്കി. ഇതിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി.അലിയുടെ രണ്ടാമത്തെ ഓസ്‌കറാണിത്. ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കാണ് മറ്റൊരു പുരസ്‌കാരം.

ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.1700ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

 റോമ എന്ന ചിത്രം സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു.

ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കിങ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്‌കറാണിത്.ബൊഹീമിയന്‍ റാപ്‌സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. നാലെണ്ണം. മികച്ച നടന്‍, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ്. ആകെ അഞ്ച് നോമിനേഷനായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

ഏഴ് നോമിനേഷന്‍ ലഭിച്ച ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു ബ്ലാക്ക് പാന്തര്‍. സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്റെ കഥ പറഞ്ഞ സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

പത്ത് നോമിനോഷന്‍ വീതം ലഭിച്ച റോമയ്ക്ക് മൂന്നും ഫെവറിറ്റിന് ഒരു അവാര്‍ഡും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മികച്ച വിദേശ ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവയാണ് റോമ നേടിയ പുരസ്‌കാരം. സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇരട്ട പുരസ്‌കാരം അല്‍ഫോണ്‍സോ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം മാത്രമാണ് ഫെവറിറ്റ് നേടിയത്.

ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വചിത്രം ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. റായ്ക്ക സെബ്താബ്ചിയും മെലിസ്സ ബെര്‍ട്ടണും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.