വിധു വിൻസൻ്റിൻ്റെ 'സ്റ്റാൻഡ്‌ അപ്പ്‌'; നിമിഷ നായിക

വിധു വിൻസൻ്റിൻ്റെ 'സ്റ്റാൻഡ്‌ അപ്പ്‌'; നിമിഷ നായിക

മാന്‍ഹോളിന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. 'സ്റ്റാന്‍ഡ് അപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയനാണ് നായിക. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാല് സംവിധായകര്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് പ്രകാശനം ചെയ്തത്. അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. 

 

സിലിക്കണ്‍ മീഡിയ ബാനറിലാണ് വിധു വിന്‍സെന്റ് ഈ ചിത്രം ഒരുക്കുന്നത്. സ്റ്റാന്‍ഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദ സംഘവും അതിലെ തമാശകളും സംഘര്‍ഷങ്ങളും ആണ് ചിത്രത്തിന് പ്രമേയമാകുന്നതെന്നാണ് വിവരം. മലയാളത്തില്‍ ആദ്യമായാണ് ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നതെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനായും തിരക്കഥ ഒരുക്കുന്നത്. എറണാകുളത്തും കോഴിക്കോട്ടുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണോടെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ ചിത്രം റിലീസിംഗിന് എത്തുമെന്നാണ് വിവരം.