കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് : കോയമ്പത്തൂരിലെ ഏഴ് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് : കോയമ്പത്തൂരിലെ ഏഴ് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കേരളം-തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഐ.എസ് റിക്രൂട്ട്മെന്റ് നടത്തുന്നതായി എന്‍ഐഎ വ്യക്തമാക്കി. അതേസമയം,
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടിയാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ മുതലാണ് എന്‍ഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തിയത്

തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ വേണ്ടി ഒന്നര മാസം മുമ്പും കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയെന്നാണ് എന്‍ഐഎ സംഘം വിശദീകരിക്കുന്നത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അതില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നെന്ന് എന്‍ഐഎ സംഘം വിശദീകരിച്ചിരുന്നു. റെയ്ഡില്‍ നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്.

അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു. കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെയാണ് കേസെടുത്തത്. ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ഐഎ സംശയിക്കുന്നു.