നാഗമ്പടം പാലം നാളെ സ്‌ഫോടനത്തിലൂടെ തകര്‍ക്കും

നാഗമ്പടം പാലം നാളെ സ്‌ഫോടനത്തിലൂടെ തകര്‍ക്കും

കോട്ടയത്തിന്റെ തിരിച്ചറിയല്‍ രേഖയായിരുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലം നാളെ പൊളിക്കും. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എം.സി റോഡിന്റെ ഇരുകരകളെയും കൂട്ടിമുട്ടിക്കാന്‍ പുതിയ പാലമെത്തിയതോടെയാണ്, നാഗമ്പടത്തെ പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യത്തില്‍ തല ഉയര്‍ത്തി നിന്ന മേല്‍പ്പാലമാണ് ചരിത്രത്തിലേയ്ക്ക് വഴിമാറുന്നത്. ട്രെയിന്‍ ഗതാഗതം അധികം തടസപ്പെടുത്താതേയും അമിത മലിനീകരണം ഒഴിവാക്കാനുമാണ് ചെറു സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കുന്നത്. അതേസമയം പാലം തകര്‍ക്കുന്നത് കണക്കിലെടുത്ത് നാളെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയപാലം പൊളിക്കുന്നത്. 1953-ലാണ് നാഗമ്ബടം പാലം നിര്‍മ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാന്‍ ദിവസങ്ങളായി നടപടികള്‍ തുടങ്ങിയിരുന്നു.

നാളെ രാവിലെ മുതല്‍ പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിക്കും. ഒന്നര മണിക്കൂറോളം എടുത്താവും ഈ ജോലികള്‍ പൂര്‍ത്തിയാക്കുക. അഴിക്കുന്ന ലൈനുകള്‍ പാളത്തില്‍ ഇടും. തുടര്‍ന്ന് റെയില്‍വേ ട്രാക്കും, ലൈനുകളും പാലത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് കേടുപാടുകള്‍ പറ്റാതിരിക്കാന്‍ മൂടിയിടും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്ബനിയാണ് പാലം പൊളിക്കുന്നത്. പാലത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു.