മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് 12 മരണം

മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് 12 മരണം

ദക്ഷിണ മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണ് 12 പേർ മരിച്ചതായി മഹാരാഷ്ട്ര സർക്കാർ. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സംസ്ഥാന ഭവന നിർമാണ വകുപ്പ് മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ അറിയിച്ചു. 

സൗത്ത് മുംബൈയിലെ ഡോഗ്രിയിൽ ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിങ്ങാണ് തകർന്നു വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളും കുട്ടികളും അടക്കം ഇരുപത് പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകട കാരണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നതായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.