ധോണി നന്നായി ബാറ്റ് ചെയ്തു, വിമർശനം എന്തിനെന്ന് അറിയില്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച്

ധോണി നന്നായി ബാറ്റ് ചെയ്തു, വിമർശനം എന്തിനെന്ന് അറിയില്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എംഎസ് ധോണി മോശമായി ബാറ്റ് ചെയ്തതായി തനിക്ക് തോന്നിയില്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റൺസിനാണ് പരാജയപ്പെട്ടത്. 31 പന്തിൽ നിന്ന് 42 റൺസുമായി ധോണി പുറത്താവാതെ നിന്നു. എന്നാൽ ഡെത്ത് ഓവറുകളിൽ റൺ റേറ്റ് ഉയർത്താൻ യാതൊരു താൽപര്യവും കാണിക്കാതിരുന്ന അദ്ദേഹത്തിൻെറ പ്രകടനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ജാദവും ധോണിയും അവസാന ഓവറുകളിൽ സിംഗിൾ എടുത്ത് കളിക്കുകയായിരുന്നു. 

എന്നാൽ എല്ലാ വിമർശനങ്ങളെയും പൂർണമായും തള്ളിയിരിക്കുകയാണ് സഞ്ജയ് ബംഗാർ. "വളരെ നന്നായി തന്നെയാണ് ധോണി ബാറ്റ് ചെയ്തത്. മത്സരം വിജയിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം തന്നെയാണ് അദ്ദേഹത്തിൻെറ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ ഇംഗ്ലീഷ് ബോളർമാർ അവരുടെ റോൾ ഭംഗിയായി നിർവഹിച്ചു. കൃത്യതയോടെയാണ് അവർ പന്തെറിഞ്ഞത്. നല്ല ലൈനിൽ അവർ പന്തെറിഞ്ഞ് തുടങ്ങിയതോടെ പ്രതീക്ഷിച്ച പോലെ സ്കോർ ഉയർത്താൻ സാധിച്ചില്ല," ബംഗാർ പറഞ്ഞു. 

"ധോണിയുടെ ഇന്നിങ്സിൽ എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയതേയില്ല. അദ്ദേഹം വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. മികച്ച ഒന്ന് രണ്ട് ഷോട്ടുകളും അദ്ദേഹത്തിൻെറ ഭാഗത്ത് നിന്നുണ്ടായി," അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദിവസവും ധോണിയുടെ ബാറ്റിങിനെ വിമർശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ടീം ധോണിയുടെ കാര്യത്തിൽ പൂർണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. 

അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തിലൊഴികെ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കും എതിരെ ടീമിന് എന്താണോ ആവശ്യമുണ്ടായിരുന്നത് അത് അദ്ദേഹത്തിൻെറ ഭാഗത്ത് നിന്നുണ്ടായെന്നും ബംഗാർ പറഞ്ഞു. 

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടീമിൽ മാറ്റമുണ്ടാവുമെന്ന സൂചനയും നൽകി. വ്യത്യസ്ത രീതിയിലുള്ള ടീം കോമ്പിനേഷന് ടീം തയ്യാറാണ്. ഭുവനേശ്വർ കുമാർ പരിക്കിൽ നിന്ന് മോചിതനായി പൂർണ ആരോഗ്യവാനാണ്. ഹാർദിക് പാണ്ഡ്യയെ നില നിർത്തി തന്നെ മൂന്ന് പേസർമാരെ കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.