സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്നു മുതല്‍

സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്നു മുതല്‍

ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കേണ്ടി വരുന്നതിനാലാണ് ഈ വര്‍ദ്ധനവ്. ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല. അതിനാല്‍ തന്നെ വിനോദ നികുതി ഒഴിവാക്കിയ തീരുമാനം ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനയെ ബാധിക്കില്ല.

സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്.