യാത്രകൾ മഴയ്ക്കൊപ്പമായാലോ...

യാത്രകൾ മഴയ്ക്കൊപ്പമായാലോ...

മഴക്കാലയാത്രകൾക്ക് കണ്ണുമടച്ച് തെരഞ്ഞെടുക്കാവുന്ന ചില സ്ഥലങ്ങൾ

മലമുകളിൽ നിന്ന് മഴ ആസ്വദിക്കുക എന്ന് പറയുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്. മഴത്തുള്ളികളെ ഏറ്റവും അടുത്ത് കണ്ട് ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഹൈറേഞ്ച്. മഴയ്ക്കൊപ്പം കോടമഞ്ഞും കൂടി ആസ്വദിക്കാൻ കഴിയും ഇടുക്കി, മൂന്നാർ യാത്രകളിലെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രവുമല്ല ചെറുതും വലുതുമായി നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. അതുകൂടാതെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. 

മഴക്കാലമായിക്കഴിഞ്ഞാൽ കാണാൻ ഏറ്റവും സുന്ദരം പാറയിടുക്കുകളിലൂടെ തട്ടിതടഞ്ഞെത്തുന്ന വെള്ളച്ചാട്ടങ്ങളാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിക്ക് എത്താൻ വളരെ എളുപ്പമാണ്. അതിരപ്പിള്ളിയിലെത്തുന്നതിന് മുൻപ് തുമ്പൂർമുഴി പുഴയോര പാർക്കിലും കയറാം. അതിരപ്പിള്ളി സന്ദർശിക്കുന്നവർ തൊട്ടടുത്ത വാഴച്ചാൽ വെള്ളച്ചാട്ടം കൂടി കാണാതെ പോകരുത്. ഇവിടെ നിന്ന് വെറും അഞ്ച് കിലോമീറ്റർ മാറിയാൽ വാഴച്ചാലിലെത്താം. പരന്നു കിടക്കുന്ന ചെറുപാറക്കെട്ടുകൾക്കിടയിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തുന്ന മനോഹര കാഴ്ചകൾ കണ്ടു നിൽക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. 

പത്തനംതിട്ടയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഗവി. തോരാതെ പെയ്യുന്ന മഴ ആസ്വദിക്കാൻ വർഷം തോറും നിരവധി സഞ്ചാരികൾ ഇവിടെയെത്താറുമുണ്ട്. കാനനഭംഗി ആസ്വദിച്ച് ബോട്ടിംഗ് നടത്താമെന്നതാണ് ഗവിയുടെ പ്രധാന ആകർഷണീയത. അതോടൊപ്പം കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിയും അതിമനോഹരമായ അനുഭവമാണ് നൽകുക. മഴക്കാല സഞ്ചാരികളെ വരവേല്‍ക്കാന്‍ കല്ലാറിന്‍റെ തീരത്ത് കുട്ടവഞ്ചികള്‍ നിരനിരയായി കാത്തിരിക്കുകയാണ്

കോഴിക്കോട് ജില്ലയുടെ തെക്കേയറ്റത്ത് വയനാടിനോട് ചേർന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഒരു ഭാഗം ജീരകപ്പാറ വനമേഖലയിൽ ഉൾപ്പെട്ടതാണ്. ശരിക്കു പറഞ്ഞാൽ ഒരു കാനനസുന്ദരി തന്നെയാണ് തുഷാരഗിരി. കോഴിക്കോടു റെയില്‍വേ സ്റ്റേഷനിലാണ് വണ്ടിയിറങ്ങുതെങ്കില്‍ നേരെ പഴയ സ്റ്റാൻഡിലേക്ക് പോവുക. തുഷാരഗിരിക്ക് നേരിട്ടുള്ള ബസ് കുറവായിരിക്കും. താമരശ്ശേരിക്കുള്ള ബസ് കിട്ടും. അവിടെ നിന്നും തുഷാരഗിരി ബസിനു പോകാം. അല്ലെങ്കില്‍ വയനാടന്‍ ബസിനു കയറി അടിവാരത്ത് ഇറങ്ങുക. ചെമ്പുതോട് വഴി 9 കിലോമീറ്റർ ദൂരമേയുള്ളു. 

കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പൂവാർ. കടലും കായലും ചേര്‍ന്ന് അതിരു തീര്‍ക്കുന്ന അഴിമുഖമാണ് പൂവാറിന്‍റെ പ്രധാന ആകര്‍ഷണം. നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്ന സ്ഥലവും പൂവാര്‍ തന്നെയാണ്. മഴയില്‍ കായലിന്‍റെയും കടലിന്‍റെയും സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഒന്നും നോക്കണ്ട.. നേരേ വിട്ടോ പൂവാറിലേക്ക്.

പൂവാര്‍ ദ്വീപിലെ കാടുകള്‍ക്കിടയിലൂടെ ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം മാത്രമേ പൂവാറിലേക്കുള്ളു. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലിറങ്ങിയാല്‍ 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്താന്‍. കോവളത്തുനിന്നും 12 കിലോമീറ്റര്‍ ദൂരമാണ് പൂവാറിലേക്കുള്ളത്.