'അമ്മ'യുടെ ഔദ്യോഗിക വക്താവ് ഇനി മോഹൻലാൽ മാത്രം

'അമ്മ'യുടെ ഔദ്യോഗിക വക്താവ് ഇനി മോഹൻലാൽ മാത്രം

'അമ്മ' സംഘടനയുടെ ഔദ്യോഗിക വക്താവായി ഇനി അമ്മ പ്രസിഡന്‍റ് മോഹൻലാൽ മാത്രം. കൊച്ചിയിൽ നടന്ന അമ്മയുടെ 25-ാം ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ വക്താവായി മോഹൻലാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സംഘടന കാര്യങ്ങള്‍ ഇനി മാധ്യമങ്ങളോട് മോഹൻലാൽ മാത്രം ആയിരിക്കും പറയുന്നത്. 15 ലക്ഷം പേര്‍ക്ക് മരുന്ന് ലഭ്യമാക്കാനുള്ള തീരുമാനം, അശരണര്‍ക്ക് വീടുവെച്ചു നൽകുന്ന കൈനീട്ടം പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഈ വര്‍ഷത്തിൽ അമ്മ നടപ്പിലാക്കുമെന്ന് യോഗ തീരുമാനം വിശദീകരിക്കവേ മോഹൻലാൽ വ്യക്തമാക്കി. നടൻ മധുവിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നതിനായുള്ള പരിശ്രമമവും ഈ വര്‍ഷം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കലൂരിലുള്ള അമ്മയുടെ പുതിയ ഓഫീസ് കെട്ടിടത്തിൽ ഒരു നില ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് മാത്രമായിട്ടായിരിക്കുമെന്നും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയിൽ അമ്മ ഓഫീസ് മാറ്റുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. 

അമ്മയുടെ നിയമാവലിയിൽ ഭേദഗതി എടുത്തിരിക്കുന്നത് കൂട്ടായ തീരുമാനത്തിലൂടെയാണ്. ഏവരുമായും ചര്‍ച്ചചെയ്താണ് ഇത് ചെയ്തിരിക്കുന്നത്. എന്നാൽ നിയമാവലി പരിഷ്കരണം മരവിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം. പരിഹാത പരിഹാര സെൽ വരുന്ന കാര്യം അടുത്ത യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഭരണഘടന ഭേദഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പാസാക്കലും അടുത്ത കമ്മിറ്റിയിലായിരിക്കും. കാരണം യോഗം തീരുമ്പോഴേക്കും പലരും പോയിട്ടുണ്ട്. രാജിവെച്ചുപോയവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചര്‍ച്ചയുണ്ടായില്ല. അവര്‍ വന്നാൽ എടുക്കും. അല്ലെങ്കിൽ അവര്‍ എഴുതി നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ കുറഞ്ഞത് നാല് സ്ത്രീകളെയെങ്കിലും ഉൾപ്പെടുത്താനും വൈസ്‌പ്രസിഡന്‍റ് സ്ഥാനം വനിതാ അംഗത്തിന് നൽകാനുമുള്‍പ്പെടെ ഈ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതിൽ ധാരണയായിട്ടില്ലെന്നാണ് അറിയുന്നത്. 

അമ്മ പ്രസിഡന്‍റ് മോഹൻലാല്‍, ജനറൽ സെക്രട്ടറി ഇടവേള ബാബു, സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്‍റുമാരായ മുകേഷ്, ഗണേഷ് കുമാര്‍, ട്രഷറര്‍ ജഗദീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. അമ്മ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വക്താവായി മോഹൻലാലിനെ തെരഞ്ഞെടുത്തുവെങ്കിലും പത്രസമ്മേളനത്തിൽ തന്നെ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുന്നതിന് മോഹൻലാലിന് കഴിയാതെ വന്നതോടെ മൈക്ക് വാങ്ങി ഇടവേള ബാബുവിനും ഗണേഷിനും ജഗദീഷിനുമൊക്കെ പറയേണ്ടതായി വന്നിരുന്നു. 

നടന്മാരായ മമ്മൂട്ടി, ഇന്നസെന്‍റ്, മാമുക്കോയ, ജയറാം, ആസിഫ് അലി, ബാല, ഭീമൻ രഘു, ഭഗത് മാനുവൽ, ബിജു മേനോൻ, സായ് കുമാര്‍, ചാലി പാല, ചെമ്പൻ വിനോദ് ജോസ്, ദിനേഷ് പ്രഭാകര്‍, ഡോ.റോണി, ജയസൂര്യ, ജോയ് മാത്യു, ഹരീഷ് കണാരൻ, കൈലാഷ്, കലാഭവൻ പ്രശോഭ്, കലാഭവൻ ഷാജോൺ, കോട്ടയം പ്രദീപ് കുഞ്ചൻ, മധുപാൽ, മണിക്കുട്ടൻ, അപ്പാനി ശരത്ത്, മണിയൻ പിള്ള രാജു, മുന്ന, നാദിര്‍ഷ, നരെയ്ൻ, പി.സുകുമാര്‍, റിസബാവ, രാജേഷ് ഹെബ്ബാര്‍, സൈജു കുറുപ്പ്, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, ശ്രീകുമാര്‍, സുധീര്‍ കരമന, സുധി കോപ്പ, സുനിൽ സുഖദ, ടിനി ടോം, ഉണ്ണി ശിവപാല്‍, വിനയ് ഫോര്‍ട്ട് പാഷാണം ഷാജി, വിനീത്, വിനീത് കുമാര്‍, വിനോദ് കോവൂര്‍, പ്രേം കുമാര്‍, അനിൽ മുരളി തുടങ്ങിയവരും 

നടിമാരായ എയ്മ റോസ്മി, അംബിക, അഞ്ജലി നായര്‍, അഞ്ജന, അനു സിത്താര, ഭാമ, ബിന്ദു പണിക്കര്‍, ദേവി ചന്ദന, അൻസിബ, ഹണി റോസ്, ഇനിയ, ജയശ്രീ ശിവദാസ്, ജോമോള്‍, ശ്വേത മേനോൻ, കെപിഎസി ലളിത, ചിപ്പി, ലക്ഷ്മി ഗോപാലസ്വാമി, മല്ലിക സുകുമാരൻ, മിത്ര കുര്യൻ, നമിത പ്രമോദ്, നയൻതാര,പാരിസ് ലക്ഷ്മി, പാര്‍വതി, രേവതി, പൊന്നമ്മ ബാബു, പ്രയാഗ മാര്‍ട്ടിൻ, ശ്രുതി ലക്ഷ്മി, പ്രിയങ്ക, രചന നാരായണൻ കുട്ടി,മഞ്ജു പിള്ള, കുക്കു പരമേശ്വരൻ, സീമ ജി നായര്‍, ഷീലു എബ്രഹാം, ശ്രീദേവി ഉണ്ണി, മാല പാര്‍വതി, തെസ്നി ഖാൻ, സീനത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായെത്തിയിരുന്നു