മിറാഷ് 2000,സുദർശനും മികച്ച കോമ്പിനേഷന്‍...ശത്രുക്കളുടെ പേടി സ്വപ്നം;തിരിച്ചടി ഉദാഹരണം!!!

മിറാഷ് 2000,സുദർശനും മികച്ച കോമ്പിനേഷന്‍...ശത്രുക്കളുടെ പേടി സ്വപ്നം;തിരിച്ചടി ഉദാഹരണം!!!

പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനു മിന്നല്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഈ തിരിച്ചടി അത്യാധുനിക പോർവിമാനങ്ങളും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ്, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവയാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമികമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മിറാഷും ലേസര്‍ നിയന്ത്രിത ബോംബുകളും

മിറാഷ് 2000 പോർവിമാനത്തില്‍ നിന്നു ലേസർ നിയന്ത്രിത ബോംബുകൾ വര്‍ഷിക്കാനുള്ള ശേഷിയുണ്ട്. വർഷങ്ങൾക്ക് മുൻപ് കാർഗിലിൽ‌ ഇന്ത്യ വിജയകൊടി നാട്ടിയപ്പോൾ സേനയെ ഏറെ സഹായിച്ചത് ലേസർ നിയന്ത്രിത ബോംബുകളായിരുന്നു. ഇസ്രായേലിൽ നിന്നു ഇറക്കുമതി ചെയ്ത ലേസർ നിയന്ത്രിത ബോംബുകളാണ് അന്നും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. പാക്ക് ബംഗറുകളും പോസ്റ്റുകളും നിമിഷങ്ങൾക്കകം തകർക്കാൻ ഇസ്രായേലിൽ നിന്നെത്തിയ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഇന്ത്യയെ വേണ്ടുവോളം സഹായിച്ചു. ഡിആർഡിഒ വികസിപ്പിച്ചെടുത്ത് പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും ഇന്ത്യയുടെ സുരക്ഷയ്ക്ക് എന്നും മുതൽകൂട്ടാണ്. ഇതിൽ പ്രധാനപ്പെട്ട ഒരു ആയുധമാണ് ലേസർ നിയന്ത്രിത ബോംബ്.

ഇന്ത്യയുടെ  'സുദർശൻ'

യുദ്ധഭൂമിയിൽ വൻ നാശം സൃഷ്ടിക്കാൻ ശേഷിയുള്ള ലേസർ ബോംബുകൾ 1960ൽ അമേരിക്കയാണ് ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്. പിന്നീട് റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രായേൽ തുടങ്ങി രാജ്യങ്ങളും ലേസർ ബോംബുകള്‍ നിർമിച്ചു. വർഷങ്ങൾക്ക് ശേഷം 2013ൽ ഇന്ത്യയും ലേസർ ബോംബ് നിര്‍മിച്ചു, പരീക്ഷിച്ചു വിജയിച്ചു, ഇതാണ് സുദർശന്‍. 2006 ലാണ് ലേസർ നിയന്ത്രിത ബോംബ് സുദർശന്റെ ഡിസൈൻ തയാറാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് ബോംബ് പരീക്ഷണം പൂർത്തിയായി വ്യോമസേനയ്ക്ക് കൈമാറിയത്. ഭാരത് ഇലക്ട്രോണിക്സ് ആണ് സുദര്‍ശൻ നിർമിക്കുന്നത്. 450 കിലോ ഗ്രാം ഭാരമുള്ള ബോംബ് ഏകദേശം ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കും.