മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ

മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ

മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ പ്രതിഷേധം. മലപ്പുറം പോത്തുകല്ലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചതല്ലാതെ അഭിപ്രായം പറയാൻ പോലും മറ്റാരെയും അനുവദിച്ചില്ലെന്ന ആരോപണവുമായി ജില്ലയിലെ യുഡിഎഫ് എംഎല്‍എമാരായ എം ഉമ്മര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങള്‍ തുടങ്ങിയവരാണ് രംഗത്തെത്തിയത്.

അവലോകന യോഗം പ്രഹസനമാണെന്നും ജില്ലയിലെ സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമല്ലെന്നും എംഎല്‍എമാർ ആരോപിച്ചു. മുഖ്യമന്ത്രി മാത്രമാണ് യോഗത്തില്‍ സംസാരിച്ചത്. തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, ഇനി എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊന്നും അവലോകന യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും എംഎല്‍എമാർ വിമര്‍ശിച്ചു.

അവലോകന യോഗത്തിൽ സംസാരിക്കുന്നതിൽ നിന്ന് ആരെയും വിലക്കിയിരുന്നില്ലെന്ന പ്രതികരണവുമായി നിലമ്പൂര്‍ എംഎൽഎ പി വി അൻവർ രംഗത്തെത്തി. ദുരന്ത മുഖത്ത് രാഷ്ട്രീയം പറയുന്നത് ശരിയല്ല. ദുരന്തത്തിന്‍റെ വ്യാപ്തി മുഖ്യമന്ത്രിയെ ധരിപ്പിക്കാനായെന്നും എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തെന്നും പി വി അൻവര്‍ വ്യക്തമാക്കി.