തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന മല്യയുടെ അപേക്ഷ ലണ്ടന്‍ കോടതി തള്ളി

തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന മല്യയുടെ അപേക്ഷ ലണ്ടന്‍ കോടതി തള്ളി

വായ്‍പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ അയയ്‍ക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി തള്ളി. 

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി മല്യയെ തിരികെ ഇന്ത്യയിലേക്ക് അയയ്‍ക്കാന്‍ രേഖകള്‍ അംഗീകരിച്ചിരുന്നു. ഇതിന് എതിരെ യുകെ ഹൈക്കോടതിയില്‍ മല്യ അപേക്ഷ നല്‍കി. ഈ അപേക്ഷയാണ് കോടതി തള്ളിയത്. 9000 കോടിരൂപ ബാങ്ക് വായ്‍പ എടുത്താണ് മല്യ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. 

മദ്യ വ്യവസായിയായ വിജയ്‍ മല്യ സാമ്പത്തികക്കുറ്റവാളിയാണെന്ന് ഇന്ത്യയിലെ പ്രത്യേക കോടതി വിധിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യവിടുന്നവരെ പ്രത്യേകം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്ന നിയമം വന്നതിന് ശേഷം ആദ്യമായി ഈ പട്ടികയില്‍ എത്തുന്നയാളായി വിജയ് മല്യ മാറിയിരുന്നു. 

ഇതിനകം വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടികഴിഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.