ശബരിമല മുന്നില്‍ വെച്ചു മുന്നേറും...ജനപക്ഷം ഇത്തവണ ബിജെപിയ്‌ക്കെന്ന് കുമ്മനം

ശബരിമല മുന്നില്‍ വെച്ചു മുന്നേറും...ജനപക്ഷം ഇത്തവണ ബിജെപിയ്‌ക്കെന്ന് കുമ്മനം

കേരളത്തിലേക്ക് തിരിച്ച്‌ വന്നത് തുറന്ന മനസോടെ തന്നെയാണ് . താന്‍ എന്തു ചെയ്യണമെന്ന കാര്യം സംഘടനയാണ് തീരുമാനിക്കേണ്ടതെന്നും സംഘടന എന്ത് തീരുമാനിച്ചാലും അത് വഹിക്കാന്‍ തയ്യാറാണെന്നും കുമ്മനം രാജശേഖരന്‍  പറഞ്ഞു.

കേരളത്തില്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമലയെന്നും ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്നും തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിയ്ക്ക് സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നത്. ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച്‌ ഒരു മണ്ഡലമല്ല ലക്ഷ്യം, കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കഴിഞ്ഞ ദിവസവും കുമ്മനം പറഞ്ഞിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചത്. അപ്രതീക്ഷിതമായി തന്നില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യമാണ് ഗവര്‍ണര്‍ പദവിയെന്ന് കുമ്മനം തന്നെ നേരത്തെ പറഞ്ഞിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വങ്ങളും വളരെ ഭംഗിയായി നിര്‍വഹിക്കുമെന്നും ഇതുവരെ സംഘടന ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു ഗവര്‍ണറായതിന് ശേഷം കുമ്മനം പ്രതികരിച്ചത്.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച കുമ്മനം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.