ബസില്‍ യാത്രക്കാരന്‍ ഛര്‍ദിച്ചു : യുവാവിനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാര്‍ : ജീവനക്കാരുടെ നടപടി വിവാദത്തില്‍

ബസില്‍ യാത്രക്കാരന്‍ ഛര്‍ദിച്ചു : യുവാവിനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാര്‍ : ജീവനക്കാരുടെ നടപടി വിവാദത്തില്‍

യാത്രയ്ക്കിടെ ബസില്‍ ഛര്‍ദിച്ച യുവാവിനെ കൊണ്ട് ബസ് കഴുകിച്ച സംഭവം വിവാദമാകുന്നു. കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാരനായ അസം സ്വദേശിയെക്കൊണ്ടു ജീവനക്കാര്‍ ബസ് കഴുകിച്ചത്. ജീവനക്കാരുടെ നടപടിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ ന്യായീകരിച്ചു.

അസം ഗുവാഹതി നൗഗായ് സ്വദേശി അസദുല്‍ ഇസ്‌ലാമിനാണ് ദുരനുഭവം. എറണാകുളത്തു നിന്നുള്ള തിരുവനന്തപുരം ലോ ഫ്േളാര്‍ എസി ബസിലെ യാത്രക്കാരായിരുന്നു അസദുല്‍ ഇസ്‌ലാമും സുഹൃത്തുക്കളും. ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിലെ ഹോളോ ബ്രിക്‌സ് നിര്‍മാണ യൂണിറ്റിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഛര്‍ദിച്ചുവെന്നു അസദുല്‍ ഇസ്‌ലാം പറഞ്ഞു. കോട്ടയം ഡിപ്പോയില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് മറ്റു യാത്രക്കാരെ ഇറക്കി നിര്‍ത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് അസദുല്‍ ബസ് കഴുകി. ബസ് കഴുകാന്‍ കോട്ടയം ഡിപ്പോയില്‍ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാര്‍ ഉള്ളപ്പോഴാണ് യാത്രക്കാരനോടു കഴുകാന്‍ നിര്‍ബന്ധിച്ചത്.