കൂടത്തായി കൊലപാതകം : മുഖ്യപ്രതി ജോളിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടത്തായി കൊലപാതകം : മുഖ്യപ്രതി ജോളിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടത്തായി കൂട്ട കൊലപാതക കേസിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. കൂടുതൽ ആളുകളെ വകവരുത്താൻ തീരുമാനിച്ചിരുന്നുവെന്ന് മൊഴി. റോയിയുടെ അടുത്ത ബന്ധുക്കൾ ഇതിന് സഹായം നൽകി. കൊലപാതകങ്ങളെ കുറിച്ചും, സയനൈഡ് ഉപയോഗിക്കുന്ന രീതിയെ കുറിച്ചും രണ്ടു ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

അതേസമയം കേസില്‍ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ജോളിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി നിരന്തരം ഫോണ്‍ കോളുകൾ ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു.

അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോൺ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തഹസീല്‍ദാര്‍ എന്നിവരെയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ട സാഹചര്യത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കും. അന്വേഷണസംഘത്തിലേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ധാരണയായെന്നാണ് വിവരം.കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്താനും പോലീസ് ഒരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അതേസമയം മരിച്ച റോയിയുടെ സഹോദരൻ റോജോയോട് നാട്ടിലേക്കെത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയതായാണ് വിവരം. കേസിലെ പരാതിക്കാരന്‍ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്.