കീര്‍ത്തി ഇനി 'മിസ് ഇന്ത്യ'; ടീസർ

മഹാനടിക്കു ശേഷം മിസ് ഇന്ത്യയായി തെലുങ്കിൽ തിരിച്ചെത്തുകയാണ് കീർത്തി സുരേഷ്. നരേന്ദ്ര നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് കീർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന കീർത്തിയെ ടീസറിൽ കാണാം. ടീസർ സമൂഹമാധ്യമങ്ങളിലും കീർത്തിയുടെ ആരാധകർക്കിടയിലും വൈറലായിരിക്കുകയാണ്. പുതിയ ലുക്കിൽ കീത്തിയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

ഗ്ലാമർ വേഷത്തിലെത്തുന്ന ഈ ചിത്രത്തിനുവേണ്ടിയാണ് കീർത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതേസമയം കീര്‍ത്തിയുടെ വേഷത്തെ കുറിച്ചോ ചിത്രത്തിന്റെ റിലീസ് തീയതിയെ കുറിച്ചോ ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ജഗപതിബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് ഹിന്ദു സ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് . മഹാനടിയിലെ പ്രകടനത്തിന് കീർത്തിക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഇതിനു പുറമെ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് കീർത്തി. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ഇതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2020 ജൂണിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.