കെ എം മാണി അന്തരിച്ചു

കെ എം മാണി അന്തരിച്ചു

കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു. 

അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്. 

 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിരവധി സവിശേഷതകള്‍ക്കും വിശേഷണങ്ങള്‍ക്കും അര്‍ഹനായ കേരളാ രാഷ്ട്രീയം കണ്ട പ്രിയങ്കരനായ നേതാവ് .   55 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും തലമുതിര്‍ന്ന നേതാവാണ്‌ കെ എം മാണി.

ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 54 വര്‍ഷങ്ങള്‍ ജനപ്രതിനിധി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കെ എം മാണിയെ അടയാളപ്പെടുത്തുക. ഇന്ത്യയില്‍ മറ്റൊരു നേതാവിനും കൈവരിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടം. 1965 മുതല്‍ പാലായുടെ പ്രതിനിധിയാണ് കെ എം മാണി.

എന്നാല്‍ 65 ലെ അസംബ്ലി പിരിച്ചുവിട്ടതിനാല്‍ ഔദ്യോഗികമായി 67 ലെ തെരഞ്ഞെടുപ്പ് മുതലാണ്‌ കെ എം മാണിയുടെ നിയമസഭാ ജീവിതം തുടങ്ങുന്നത്. അതിനിടയില്‍ പാലായില്‍ നിന്നും മാണിയോ മാണിയില്‍ നിന്നും പാലായോ അകന്നിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ച നേതാവുമാണ് കെ എം മാണി. ഏറ്റവും അധികം കാലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്, രാജ്യത്ത് തന്നെ ഏറ്റവും അധികം ബജറ്റുകള്‍ക്ക് രൂപം നല്‍കിയ മന്ത്രി എന്നീ സവിശേഷതകളൊക്കെ വേറെയുമുണ്ട്.

1933 ജനുവരി 30 ന് കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം മരങ്ങാട്ടുപിള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായിട്ടായിരുന്നു ജനനം.