ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ഇന്ത്യയില്‍ അവതരിച്ചു...

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ഇന്ത്യയില്‍  അവതരിച്ചു...

 ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ഇന്ത്യയില്‍ അവതരിച്ചു.  4X4 സംവിധാനവും മികച്ച ഓഫ്‌റോഡിങ് ശേഷിയും സാധാരണ കോമ്പസ് മോഡലുകള്‍ അവകാശപ്പെടുമ്പോള്‍, പുതിയ ട്രെയില്‍ഹൊക്ക് പതിപ്പ് അളവുകോലുകള്‍ മുകളിലേക്ക് ഉയര്‍ത്തും.രാജ്യമെങ്ങുമുള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിങ് തുടരുകയാണ്. ഓഫ്‌റോഡിങ് ശേഷി കൂടിയ പരുക്കന്‍ കോമ്പസ് പതിപ്പായതുകൊണ്ട് ട്രെയില്‍ഹൊക്കിന്റെ ഡിസൈനില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കാണാം. പുറംമോടിയില്‍ പതിഞ്ഞിട്ടുള്ള ട്രെയില്‍ഹൊക്ക് ബാഡ്ജാണ് എസ്‌യുവിയുടെ പ്രധാനാകര്‍ഷണം.

17 ഇഞ്ചാണ് എസ്‌യുവിയിലെ ഇരട്ടനിറമുള്ള അലോയ് വീലുകള്‍ക്ക് വലുപ്പം. ഫാല്‍ക്കന്‍ ഓള്‍ ടെറെയ്ന്‍ ടയറുകള്‍ ട്രെയില്‍ഹൊക്കില്‍ ഒരുങ്ങുന്നു. ഓഫ്‌റോഡിങ് മുന്‍നിര്‍ത്തി മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി കൂട്ടി. 205 mm ഗ്രൗണ്ട് ക്ലിയറന്‍സ് ട്രെയില്‍ഹൊക്ക് കുറിക്കും.രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യയില്‍ എത്തിയിരിക്കുന്ന ട്രെയില്‍ഹൊക്കിന് ടോ ഹുക്ക് മാത്രമില്ല. കാല്‍നടയാത്രക്കാരുടെ സുരക്ഷ മാനിച്ചാണ് ട്രെയില്‍ഹൊക്കിന് ടോ ഹുക്ക് വേണ്ടെന്ന് ജീപ്പ് തീരുമാനിച്ചത്. നിലവിലെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിന്‍തന്നെയാണ് പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിലും. എന്നാല്‍ ഭാരത് സ്റ്റേജ് VI നിലവാരം ട്രെയില്‍ഹൊക്കിലെ എഞ്ചിനുണ്ട്.

168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. ഒമ്പതു സ്പീഡാണ് എസ്‌യുവിയിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന നാലു വീല്‍ ഡ്രൈവ് സംവിധാനമാണ് ട്രെയില്‍ഹൊക്കിലെ മുഖ്യവിശേഷം. ടയറുകള്‍ക്ക് ആവശ്യമായ തോതില്‍ കരുത്തെത്തിക്കാന്‍ നാലു വീല്‍ ഡ്രൈവിന് ശേഷിയുണ്ട്.സെലക്ട് ടെറെയ്ന്‍ സംവിധാനത്തിന് പുറമെ നാലു വീല്‍ ഡ്രൈവ് ലോ, റോക്ക് മോഡ് സൗകര്യങ്ങളും ട്രെയില്‍ഹൊക്കിനുണ്ട്. ഇതൊക്കെയാണെങ്കിലും ട്രെയില്‍ഹൊക്ക് ഫീച്ചറുകളില്‍ ചെറിയ കടുംപിടുത്തം ജീപ്പ് നടത്തി. 

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പോ, റെയിന്‍ സെന്‍സിങ് വൈപ്പറുകളോ എസ്‌യുവിക്കില്ല.പാനരോമിക് സണ്‍റൂഫ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ബില്‍ട്ട് ഇന്‍ നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ട്രെയില്‍ഹൊക്കിലുണ്ട്. 8.4 ഇഞ്ചാണ് ഉള്ളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് വലുപ്പം. കറുപ്പഴകുള്ള ക്യാബിനും ചുവപ്പു നിറം വരമ്പിടുന്ന സ്റ്റീയറിങ്ങും സീറ്റുകളും ട്രെയില്‍ഹൊക്കിന്റെ ആകര്‍ഷണീയത കൂട്ടും.

26.8 ലക്ഷം രൂപയ്ക്ക് പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് ഷോറൂമുകളില്‍ അണിനിരക്കും. ഇനി മുതല്‍ ട്രെയില്‍ഹൊക്ക് പതിപ്പാണ് കോമ്പസ് നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍. കോമ്പസ് ലിമിറ്റഡ് പ്ലസ് 4X4 ഡീസല്‍ വകഭേദത്തെക്കാള്‍ 3.7 ലക്ഷം രൂപ ട്രെയില്‍ഹൊക്കിന് കൂടുതലുണ്ട്.ബുക്കിങ് തുക 50,000 രൂപ.