ജയറാമിന്‍റെ 'പട്ടാഭിരാമൻ' ട്രെയിലർ‍

ഭക്ഷണം വിഷയമാക്കി ഏതാനും മലയാള സിനിമകള്‍ എത്തിയിട്ടുണ്ട്. കല്ല്യാണ രാമൻ, സോള്‍ട്ട് ആൻഡ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍, കമ്മത്ത് ആൻഡ് കമ്മത്ത്, തമാശ എന്നീ സിനിമകളിൽ ഭക്ഷണ സംബന്ധമായ വിഷയങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം കൂടി.

ഭക്ഷണത്തെ കേന്ദ്രീകരിച്ച് എത്തുകയാണ് നടൻ ജയറാമിനെ നായകനാക്കി സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. സുരയാടൽ (2014), തിങ്കൾ മുതൽ വെള്ളി വരെ (2015), ആടുപുലിയാട്ടം (2016), അച്ചായൻസ് (2017), ചാണക്യതന്ത്രം (2018) എന്നിവയാണ് സംവിധായകൻ കണ്ണൻ താമരക്കുളത്തിന്‍റെ മുൻ ചിത്രങ്ങള്‍.

ഒരു ആത്മാര്‍ത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയിലർ പറയുന്നത്. പക്ഷേ ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ ഒരു അംഗമാണ്‌ പട്ടാഭിരാമന്‍. വേറൊന്നും ശരിയായില്ലെങ്കിലും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ കര്‍ക്കശ സ്വഭാവമാണ് പട്ടാഭിരാമന്. ഇതുമൂലം ഒരുപാട്‌ പ്രതിസന്ധികള്‍ ജീവിതത്തിൽ നേരിടേണ്ടി വരികയാണ്. കോമഡിയും അതോടൊപ്പം ത്രില്ലറും സമാസമം അവതരിപ്പിക്കുന്ന ചിത്രമാണ് പട്ടാഭിരാമനെന്ന് ട്രെയിലർ സമര്‍ത്ഥിക്കുന്നു. 

പത്മനാഭന്‍റെ മണ്ണിൽ നിന്ന് മുൻപും ഒരുപാട് കഥകൾ പിറവികൊണ്ടിട്ടുണ്ടെങ്കിലും ഏറെ വ്യത്യസ്തമായ ഒരു കഥയായിരിക്കുമിതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. അയ്യർ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടുകൂടെയാണ് പട്ടാഭിരാമന്‍റെ ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, മിയ എന്നിവരാണ് നായികമാർ. ജയറാമിനൊപ്പം തന്നെ ശക്തമായൊരു കഥാപാത്രമായി ബൈജു സന്തോഷ്‌ ചിത്രത്തിൽ എത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായാണ് ബൈജു എത്തുന്നത്. അബാം മൂവിസിന്‍റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ദിനേശ്‌ പള്ളത്താണ്‌