ഓണത്തിന് തീയേറ്ററിൽ വീണ്ടും ഏറ്റുമുട്ടാൻ മമ്മൂട്ടിയും മോഹൻലാലും

ഓണത്തിന് തീയേറ്ററിൽ വീണ്ടും ഏറ്റുമുട്ടാൻ മമ്മൂട്ടിയും മോഹൻലാലും

താരചക്രവര്‍ത്തിമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണയും ഓണത്തിന് തീയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യും മമ്മൂട്ടി നായകനാകുന്ന 'ഗാനഗന്ധര്‍വ്വനും' തമ്മിലാണ് ഇത്തവണത്തെ ഓണത്തിന് തീയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. 

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കിടെ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നവാഗത സംവിധായകരുടെ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. അതിനു പിന്നാലെ സ്റ്റേജില്‍ മാര്‍ഗംകളിയ്ക്കായി ഒരുങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസ് നായിക. സിംഗപ്പൂര്‍, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 

നടന്‍ ജയറാമിനൊപ്പം 'പഞ്ചവര്‍ണ്ണതത്ത'യൊരുക്കിയ രമേഷ് പിഷാരടി വീണ്ടും സംവിധായക വേഷമണിയുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വ്വന്‍'. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ മലയാളത്തിന്റെ സ്വന്തം ശബ്ദമായ യേശുദാസിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്ന വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ വരുംദിവസങ്ങളില്‍ വരുമെന്നാണ് സൂചന.


ചിത്രത്തില്‍ മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരനായാണ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാരുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ മൂന്നുപേരും പുതുമുഖങ്ങളായിരിക്കുമെന്നും നാലാമത്തെ നായിക സിനിമാ മേഖലയിലെ മുന്‍നിര നായികമാരിലൊരാള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. പുതുമുഖമായ വന്ദിതയാണ് ചിത്രത്തിലെ ഒരു നായിക. 

രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തിയേക്കും. ചിത്രത്തിലെ നായികമാരെ തെരഞ്ഞെടുക്കാനായി രമേഷ് പിഷാരടി പ്രത്യേക ഓഡീഷന്‍ നടത്തിയിരുന്നു. സിദ്ധിഖ്, മനോജ് കെ ജയന്‍ , സുരേഷ് കൃഷ്ണ, സലിം കുമാര്‍, ദേവന്‍, കുഞ്ചന്‍, മണിയന്‍ പിള്ള രാജു, ഹരീഷ് കണാരന്‍, ധര്‍മജന്‍, അശോകന്‍, അതുല്യ, ശാന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അളഗപ്പനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്, ലിജോ പോളാണ് എഡിറ്റിംഗ്.