ബോക്സിങ് വേഷം സ്ത്രീക്ക് ചേര്‍ന്നതല്ല; അറസ്റ്റ് പേടിച്ച് ഇറാൻ താരം

ബോക്സിങ് വേഷം സ്ത്രീക്ക് ചേര്‍ന്നതല്ല; അറസ്റ്റ് പേടിച്ച് ഇറാൻ താരം

ഇറാനില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ വനിത ബോക്സിങ് താരം സദഫ് ഖദെം മത്സരത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകില്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍. യാഥാസ്ഥിക ഇസ്ലാമിക രാഷ്ട്രമായ ഇറാന്‍ ഖദെമിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അവരുടെ വക്താവ് സ്ഥിരീകരിച്ചു. 


അറസ്റ്റ് ഭയന്ന് ഫ്രാന്‍സില്‍ തന്നെ ഖദെം തുടരുമെന്നാണ് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു ബോക്സിങ് താരം മഹ്യര്‍ മോന്‍ഷിപോറിന് എതിരെയും അറസ്റ്റ് വാറണ്ട് ഉണ്ട്. പുരുഷതാരമായ മഹ്യര്‍ മുന്‍ ബോക്സിങ് ചാമ്പ്യനാണ്. ഫ്രാന്‍സില്‍ സദഫിന്‍റെ ബൗട്ട് സംഘടിപ്പിച്ചതും മഹ്യറാണ്. രണ്ട് താരങ്ങളും ഒരുമിച്ച് ഇറാന്‍ തലസ്ഥാനമായ ടെഹ്‍റാനിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് അറസ്റ്റ് വാറണ്ടിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറാനില്‍ ജനിച്ചെങ്കിലും നിലവില്‍ ഫ്രഞ്ച് പൗരനാണ് മോന്‍ഷിപോര്‍. ശനിയാഴ്‍ച്ച നടന്ന ബൗട്ടില്‍ ഫ്ര‍ഞ്ച് ബോക്സിങ് താരം ആന്‍ ഷൗവിനെ ഖദെം തോല്‍പ്പിച്ചിരുന്നു. 24 വയസ്സുകാരിയാണ് സദഫ് ഖദെം. 

ഇറാന്‍ പാരമ്പര്യത്തിന് വിരുദ്ധമായി വസ്ത്രം ധരിച്ച് ബോക്സിങ് മത്സരത്തില്‍ പങ്കെടുത്തു എന്നതാണ് ഖദെമിന്‍റെ പേരിലുള്ള കുറ്റം എന്നാണ് കരുതുന്നത്. സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഷിയ മുസ്ലീം ഭൂരിപക്ഷമുള്ള ഇറാന്‍.