ധവാൻ ടീമിനൊപ്പം തുടരും; പകരക്കാരനെ പ്രഖ്യാപിക്കില്ല

ധവാൻ ടീമിനൊപ്പം തുടരും; പകരക്കാരനെ പ്രഖ്യാപിക്കില്ല

പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിനൊപ്പം തന്നെ തുടരുമെന്ന് ബിസിസിഐ. ധവാന് പകരക്കാരനായി ആരെയും പ്രഖ്യാപിക്കില്ല. നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് താരം. അദ്ദേഹം ഇംഗ്ലണ്ടില്‍ തന്നെ തുടരാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി. 

ഒരാഴ്ച ധവാന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനാണ് തീരുമാനം. ആ ദിവസങ്ങള്‍ക്കുള്ളില്‍ ശരിയാവുകയാണെങ്കില്‍ മറ്റൊരാളെയും പരിഗണിക്കില്ല. എന്നാല്‍ ധവാന്റെ പരിക്ക് ഒരാഴ്ചയായിട്ടും ഭേദമായില്ലെങ്കില്‍ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിക്കും. 

ന്യൂസിലന്റിനതിരെ നടക്കാന്‍ പോവുന്ന മത്സരത്തില്‍ ധവാന്‍ കളിക്കില്ല. പാകിസ്ഥാനെതിരെയും അദ്ദേഹം കളിക്കില്ല. പരിക്കില്‍ നിന്ന് മോചിതനാവുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 


ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മത്സരത്തില്‍ ധവാന്റെ ഇടത് കൈയ്യിലെ തള്ളവിരലിന് പരിക്കേറ്റിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റെങ്കിലും ധവാന്‍ സെഞ്ചുറി നേടിയിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെ 117 റണ്‍സ് ആണ് ഓപ്പണര്‍ ആയി ഇറങ്ങിയ ധവാന്‍ സ്‌കോര്‍ ചെയ്തത്. തിങ്കളാഴ്ച്ച സ്‌കാന്‍ ചെയ്തിന് ശേഷമാണ് വിരലിലെ പൊട്ടല്‍ തിരിച്ചറിഞ്ഞത്.