ഇന്ത്യക്കാരി അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി

ഇന്ത്യക്കാരി അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാനേജിംഗ് ഡയറക്ടറായ അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി. ലോക ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും (സിഎഫ്ഒ) നിയമിതയായെന്ന് വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസാണ് അറിയിച്ചത്

എംഡി, സിഎഫ്ഒ എന്നീ നിലകളില്‍ ലോക ബാങ്ക് ഗ്രൂപ്പിന്റെ സാമ്പത്തിക, റിസ്‌ക് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം അന്‍ഷുല കാന്തിനായിരിക്കുമെന്നും മാല്‍പാസ് വ്യക്തമാക്കി. എസ്ബിഐ എംഡി എന്ന നിലയില്‍ ധനകാര്യ, ബാങ്കിംഗ്, സാങ്കേതികവിദ്യയുടെ നൂതന ഉപയോഗം എന്നിവയില്‍ 35 വര്‍ഷത്തിലധികം വൈദഗ്ദ്ധ്യമുള്ള വ്യക്തിയാണ് അന്‍ഷുലയെന്നും അവരുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനത്തിനിടെ വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു.

റിസ്‌ക്, ട്രഷറി, ഫണ്ടിംഗ്, റെഗുലേറ്ററി കംപ്ലയിന്‍സ്, ഓപ്പറേഷന്‍സ് എന്നിവയുള്‍പ്പെടെ നിരവധി നേതൃത്വ വെല്ലുവിളികളില്‍ അവര്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. അവരുടെ പ്രവൃത്തി പരിചയം വേള്‍ഡ് ബാങ്കിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിച്ച് പുരോഗതിയിലേക്ക് നയിക്കുമെന്നും ഡേവിഡ് മാല്‍പാസ് പ്രത്യാശ പ്രകടിപ്പിച്ചു. എസ്ബിഐ എംഡി എന്ന നിലയില്‍ 38 ബില്യന്‍ ഡോളര്‍ വരുമാനവും 500 ബില്യന്‍ ആസ്തിയും എസ്ബിഐക്ക് നേടിക്കൊടുക്കാന്‍ അന്‍ഷുല കാന്തിന് സാധിച്ചു. എസ്ബിഐയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും ദീര്‍ഘകാല നേട്ടം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അവരുടെ ശ്രദ്ധ. ഇക്കാര്യത്തില്‍ അവര്‍ വലിയ നേട്ടങ്ങള്‍ കൊയ്തതായും അദ്ദേഹം അനുസ്മരിച്ചു.

ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയശേഷം 1983ലാണ് ഇവര്‍ എസ്ബിഐയില്‍ ചേര്‍ന്നത്. 2018 സെപ്റ്റംബറില്‍ എസ്ബിഐ മാനേജിംഗ് ഡയറക്ടറായി.