ഭാരതം ഇന്ന് വ്യോമസേനാ ദിനം ആചരിക്കുന്നു; ആദ്യ റഫേല്‍ വിമാനം പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങും

ഭാരതം ഇന്ന് വ്യോമസേനാ ദിനം ആചരിക്കുന്നു; ആദ്യ റഫേല്‍ വിമാനം പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങും

ഭാരതം ഇന്ന് 87-മത് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുകയാണ്. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. ഇതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ എട്ടിന് ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആചരിക്കുന്നത്.

വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ആദ്യ റഫേല്‍ യുദ്ധ വിമാനം ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഇന്ന് ഏറ്റുവാങ്ങും. അതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലാണ് ഉള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയ്ക്കായ് നിര്‍മിച്ച ആദ്യ റഫേല്‍ വിമാനം അദ്ദേഹം ഏറ്റുവാങ്ങും. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയും 1.7 ലക്ഷം അംഗങ്ങള്‍ ഉള്‍ക്കൊളളുന്നതുമായ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന.

വ്യോമസേനാ ദിനവുമായി ബന്ധപ്പെട്ട് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെഎസ് ബദൗരിയ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിസംബോധന ചെയ്യും. വ്യോമസേനാ ദിനത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എയര്‍ ഷോ പ്രദര്‍ശനം നടത്തിയിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്.