കാര്യവട്ടം സ്റ്റേഡിയത്തില്‍ തേനീച്ച ആക്രമണം, അഞ്ച് പേര്‍ ആശുപത്രിയില്‍

കാര്യവട്ടം സ്റ്റേഡിയത്തില്‍ തേനീച്ച ആക്രമണം, അഞ്ച് പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം. കളി കാണാനെത്തിയ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂടാണ് ഇളകിയത്. ഇതേത്തുടര്‍ന്ന് 10 മിനിട്ടോളം കളി നിര്‍ത്തിവെച്ചു. തേനീച്ച ഭീതി ഒഴിഞ്ഞതിന് ശേഷമാണ് കളി പുനരാരംഭിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ പോപ്പും സ്റ്റീഫണ്‍ മുള്ളനീയുമാണ് ഇംഗ്്‌ലണ്ടിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്യാപ്റ്റന്‍ ബില്ലിംഗ്‌സ് 24 റണ്‍സും സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ 55 റണ്‍സ് എടുക്കുന്നതിനിനെ നാല് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ മൂവരും ചേര്‍ന്ന് രക്ഷിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് താക്കൂറിന്റെ തകര്‍പ്പന്‍ ബൗളിംഗ്. ചഹര്‍ രണ്ടും അവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.