ലോകകപ്പ് : പാകിസ്താനെ തകർത്ത് അനായാസ ജയവുമായി വെസ്റ്റ് ഇൻഡീസ്

ലോകകപ്പ് : പാകിസ്താനെ തകർത്ത് അനായാസ ജയവുമായി വെസ്റ്റ് ഇൻഡീസ്

ഐസിസി ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തകർത്ത് അനായാസ ജയവുമായി വെസ്റ്റ് ഇൻഡീസ്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 7 വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 21.5 ഓവറിൽ നേടിയ 105 റൺസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് മറികടന്നു. 13.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് സ്വന്തമാക്കി.

അർദ്ധ സെഞ്ചുറി നേടിയ ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ(പുറത്താവാതെ 19 പന്തിൽ 30) എന്നിവരാണ് ജയം എളുപ്പമാക്കിയത്. ഷായി ഹോപ്(11),ബ്രാവോ(0) എന്നിവർ പുറത്തായപ്പോൾ ഷിംറോൺ(7) നിക്കോളാസിനൊപ്പം പുറത്താവാതെ നിന്നു. പാകിസ്താനായി മുഹമ്മദ് ആമിർ 3 വിക്കറ്റ് എറിഞ്ഞിട്ടു. 

ഫഖര്‍ സമന്‍(22),ബാബര്‍ അസം(22) എന്നിവർ പാകിസ്താനായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ മറ്റുള്ളവർക്ക് വിന്‍ഡീസിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പുറത്താകുന്നതാണ് കാണാൻ സാധിച്ചത്. വെസ്റ്റ് ഇൻഡീസിനായി ഓഷേന്‍ തോമസ് നാലും, ജേസൺ ഹോൾഡർ മൂന്നും, റസ്സൽ രണ്ടും,ഷെൽഡൺ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഒന്നാം സ്ഥാനം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. പട്ടികയിൽ അവസാന സ്ഥാനത്താണ് പാകിസ്ഥാൻ.