ധോണി ഗ്ലൗസിൽ നിന്ന് ആർമി ചിഹ്നമായ ബലിദാൻ ബാഡ്ജ് മാറ്റണമെന്ന് ഐസിസി

ധോണി ഗ്ലൗസിൽ നിന്ന് ആർമി ചിഹ്നമായ ബലിദാൻ ബാഡ്ജ് മാറ്റണമെന്ന് ഐസിസി

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ആർമിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഗ്ലൗസിൽ ആർമി ചിഹ്നം അണിഞ്ഞാണ് മുൻ ഇന്ത്യൻ നായകൻ എംഎസ്  ധോണി ഇറങ്ങിയിരുന്നത്. ഇതിൻെറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായിരുന്നു. ഇന്ത്യൻ ആർമിയുടെ പാരാ സ്പെഷ്യൽ ഫോഴ്സിൻെറ ബലിദാൻ ബാഡ്ജാണ് ധോണിയുടെ ഗ്ലൗസിൽ ഉണ്ടായിരുന്നത്. 

എന്നാൽ ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ധോണിയോട് ആർമി ചിഹ്നം മാറ്റാൻ അഭ്യർഥിക്കണമെന്ന് ബിസിസിഐയോടാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഐസിസി ജനറൽ മാനേജർ ക്ലെയറി ഫർലോങാണ് ഇക്കാര്യം അറിയിച്ചത്. ഇതൊഴിവാക്കാൻ ധോണിയോട് ആവശ്യപ്പെടുമെന്ന് ഐസിസി അധികൃതർ വ്യക്തമാക്കി. 

ഐസിസി നിയമപ്രകാരമാണ് ആർമി ചിഹ്നം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം അന്താരാഷ്ട്ര മത്സരത്തിൽ ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയമായതോ, മതപരമായതോ, വംശീയമായതോ ആയ ചിഹ്നങ്ങൾ വസ്ത്രങ്ങളിലോ മറ്റ് വസ്തുക്കളിലോ ഉപയോഗിക്കാൻ പാടില്ല. ഇത് പ്രകാരമാണ് ഐസിസി നിലപാടെടുത്തിരിക്കുന്നത്. 

പാരാ റെജിമെൻറിൽ ഹോണററി പദവിയുള്ള താരമാണ് ധോണി. ആർമിയിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. 2011ലാണ് അദ്ദേഹത്തിന് രാജ്യം അദ്ദേഹത്തിന് ഹോണററി പദവി നൽകിയത്.