രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം രാജിവെച്ചു

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം രാജിവെച്ചു

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അധികം വൈകാതെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ പാർട്ടിക്ക് സംഭവിച്ച പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചു. 

നാലു പേജോളം വരുന്ന രാജിക്കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വിറ്റർ അകൗണ്ടിൽ നൽകിയിരുന്ന പദവിയും രാഹുൽ ഗാന്ധി നീക്കം ചെയ്തു. പുതിയ അധ്യക്ഷനെ എത്രയും വേഗം പ്രവർത്തക സമിതി വിളിച്ചു ചേർത്ത് കണ്ടെത്തണം. ആ പ്രക്രിയയിൽ ഞാൻ അംഗമല്ല. നേരത്തെ തന്നെ ഞാൻ രാജിക്കത്ത് സമർപ്പിച്ചിരുന്നു. അതിനാൽ, ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മെയ് 25ന് ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ രാജി സന്നദ്ധത പ്രഖ്യാപിച്ചത്. 2017 ലാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റത്.