ഇലക്ട്രിക്‌ വാഹനങ്ങളില്‍ ഭാവി കാണുന്നു ഹ്യുണ്ടായി കോനയിലൂടെ...

ഇലക്ട്രിക്‌ വാഹനങ്ങളില്‍ ഭാവി കാണുന്നു  ഹ്യുണ്ടായി കോനയിലൂടെ...

 ഹ്യുണ്ടായി തങ്ങളുടെ പൂർണ്ണ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ് . 39.2 kWh ബാറ്ററികളാണ് പുതിയ കോന ഇലക്ട്രിക്കിൽ. പരമാവധി 131 bhp കരുത്തും 395 Nm torque ഉം വാഹനത്തിന്റെ 100 kW വൈദ്യുത മോട്ടോറിന് സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് 9.7 സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കും.

മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തുന്ന പ്രകാരം ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വാഹനത്തിന് സഞ്ചരിക്കാന്‍ കഴിയും.ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ നിവധി ഫീച്ചറുകളുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍.

വാഹനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും ഹ്യുണ്ടായി വളരെ ശ്രദ്ധാലുക്കളാണ്. ആറ് എയര്‍ബാഗുകളാണ് കോനയിലുള്ളത്, പിന്‍ പാര്‍ക്കിങ് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സിസ്റ്റം, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം നിർമ്മാതാക്കൾ വാഹനത്തിന് നൽകുന്നു.

ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ കോനയ്ക്ക് കഴിയും. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ കോന ഇലക്ട്രിക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാൻ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ സമയമെടുക്കും. പ്രധാന നഗരങ്ങളിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ DC ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

25.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. എന്നാല്‍ വരും ആഴ്ച്ചകളില്‍ കോനയുടെ വിലയില്‍ 1.40 ലക്ഷം രൂപയുടെ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത് നടന്ന കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ GST ഇളവ് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് GST 5 ശതമാനമായി കുറയ്ക്കാന്‍ GST കൗണ്‍സിലിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

നിലവില്‍ ഈ നികുതിയിളവ് ഒരു നിര്‍ദ്ദേശം മാത്രമായി നിലനില്‍ക്കുകയാണ്. എല്ലാ വൈദ്യുത വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ നികുതിയിളവ് നല്‍കുമോ അതോ ഒരു നിശ്ചിത വിലയ്ക്കുള്ളില്‍ വരുന്നവയ്ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുമോ എന്നൊരു വ്യക്തത ഇതുവരെ കിട്ടിയിട്ടില്ല. ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി സ്വീകരിച്ചാല്‍ കോന ഉപഭോക്താക്കള്‍ക്ക് ഹ്യുണ്ടായി ഈ ആനുകൂല്യങ്ങള്‍ നല്‍കും.GST ഇളവു ലഭിച്ചാല്‍ 1.40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ കമ്പനിക്ക് നല്‍കാന്‍ കഴിയുമെന്ന് ഹ്യുണ്ടായി സീനിയര്‍ ജനറല്‍ മാനേജര്‍ പുനീത് ആനന്ദ് വ്യക്തമാക്കി. എന്നാല്‍ കോനയെ ഈ GST ഇളവില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.